വിമരിക്കലിന് തീയതിയും കുറിച്ച് കാത്തിരിക്കുമ്പോഴും വെടിക്കെട്ട് നിര്‍ത്താതെ വിന്‍ഡീസ് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍. ഇംഗ്ലണ്ടിന് എതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഗെയില്‍ വീണ്ടും സെഞ്ചുറി കുറിച്ചത്. നാലാം ഏകദിനത്തില്‍ കേവലം 97 പന്തില്‍ നിന്നുമാണ് 162 റണ്‍ അടിച്ചുകൂട്ടിയത്.
ഗെയില്‍ വെടിക്കെട്ട് നടത്തിയെങ്കിലും ഇംഗ്ലണ്ട് ഉയര്‍ത്തിയ 418 റണ്‍ ടോട്ടലില്‍ നിന്നും 29 റണ്‍ അകലെ വെസ്റ്റിന്‍ഡീസ് കളി അവസാനിപ്പിച്ചു. 14 സിക്സറുകളും, 11 ഫോറും ഉള്‍പ്പെടെയായിരുന്നു ഗെയിലിന്റെ ഇന്നിംഗ്സ്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 സിക്സറുകള്‍ തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനായി ഗെയില്‍ മാറി.
ഏകദിനത്തില്‍ 300 സിക്സറുകള്‍ എന്ന നാഴികക്കല്ലും ഗെയില്‍ താണ്ടി. ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ച ക്രിസ് ഗെയിലിന് ഇപ്പോള്‍ ആകെ 506 സിക്സറുകളാണ് അക്കൗണ്ടിലുള്ളത്- ടെസ്റ്റില്‍ 98, ഏകദിനത്തില്‍ 305, ടി20യില്‍ 103.
ഏകദിനത്തില്‍ പതിനായിരം റണ്‍ മറികടന്ന ഗെയില്‍ ഈ നേട്ടം കൊയ്യുന്ന രണ്ടാമത്തെ വിന്‍ഡീസ് താരമാണ്. ബ്രയന്‍ ലാറയാണ് മുന്‍പ് ഈ നേട്ടം കൊയ്തത്.