പണ്ട് ചൈനീസ് ഫോണുകള്‍ എന്നത് ഹിന്ദിക്കാരും, മറ്റും വലിയ ബഹളത്തില്‍ പാട്ടുവെച്ച് കേള്‍ക്കുന്ന, ഒരുപാട് സ്പീക്കറുകളുള്ള ഒരു പെട്ടി മാത്രമായിരുന്നു. കാലം മാറിയപ്പോള്‍ ചൈനീസ് കമ്പനികള്‍ തരുന്ന ഫോണുകളുടെ മേന്മയും വിലക്കുറവും സമ്മാനിക്കാന്‍ അന്താരാഷ്ട്ര കമ്പനികള്‍ പാടുപെടുന്ന അവസ്ഥയെത്തി. ഇന്ത്യയും, ചൈനയും അതിര്‍ത്തിയില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ ചൈനീസ് ഉത്പന്നങ്ങളും, ആപ്പുകളും ബഹിഷ്കരിക്കാന്‍ വീണ്ടും ആഹ്വാനങ്ങള്‍ വരികയാണ്.
ചൈന ഇല്ലാതെ എന്ത് ഫോണ്‍?
ചൈനീസ് ഫോണുകള്‍ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുമോ? കൈയിലും ഫോണ്‍ ബ്രാന്റ് ഒന്നുകൂടി നോക്കിയ ശേഷം വേണം ഉത്തരം പറയാന്‍. ചൈനീസ് വിരുദ്ധ ചിന്ത ശക്തമാണെങ്കിലും ഫോണ്‍ ബ്രാന്റുകളില്‍ ബഹിഷ്കരണം എളുപ്പമല്ലെന്നതാണ് വാസ്തവം.
ഇന്ത്യന്‍ ഫോണ്‍ മാര്‍ക്കറ്റിലെ 70% ഫോണുകളും ചൈനീസാണെന്നതാണ് ഇതിന് കാരണം. സാംസംഗ് ഒഴികെ മറ്റൊരു ബ്രാന്റിനും ഇതിന് സമാനമായ സേവനങ്ങള്‍ നിലവില്‍ നല്കാന് കഴിയുന്നില്ല. പ്രത്യേകിച്ച് വിലയുടെ കാര്യത്തില്‍. പ്രകടനവും മികവും നോക്കിയാല്‍ ചൈനീസ് ഫോണ്‍ വാങ്ങാതെ തരമില്ല.
ഷിയോമിയാണ് താരം
ഇന്ത്യന്‍ വിപണിയിലെ ഒന്നാം നമ്പര്‍ സ്ഥാനം ചൈനീസ് ബ്രാന്റായ ഷിയോമിക്കുള്ളതാണ്. ഇതിന് പുറമെ വിവോ, ഒപ്പോ, റിയല്‍മി, വണ്‍പ്ലസ് എന്നിവരും ചേര്‍ന്നാണ് 70% സ്ഥാനം അലങ്കരിക്കുന്നത്, ഇവരെല്ലാം ചൈനക്കാര്‍ തന്നെ. ഹുവാവെയ്, ഇന്‍ഫിനിക്സ്, ടെക്നോ, മോട്ടോറോള എന്നീ ബ്രാന്റുകളുടെ ചൈനീസ് സ്മാര്‍ട്ട്ഫോണുകളും ഇന്ത്യക്കാര്‍ക്കിടയില്‍ സജീവമാണ്.
പകരക്കാര്‍ ആരെല്ലാം?
സൗത്ത് കൊറിയയില്‍ നിന്നുള്ള സാംസംഗ്, എല്‍ജി, തായ്വാന് ബ്രാന്റ് അസൂസ്, യുഎസില്‍ നിന്നുള്ള ആപ്പിള്‍, ഫിന്ലാന്ഡില് നിന്നും നോക്കി, ജപ്പാനിലെ പാനസോണിക് എന്നിവരാണ് ഇന്ത്യന്‍ വിപണിയിലെ മറ്റ് പ്രധാന കളിക്കാര്‍.
എന്നാല്‍ 10,000 രൂപയില്‍ താഴെ സ്മാര്‍ട്ട്ഫോണ്‍ നല്‍കുന്നത് ആരെല്ലാമെന്ന് പരിശോധിച്ചാല്‍ ഈ മോഡലുകള്‍ മാത്രമാണ്: സാംസംഗ് ഗാലക്സി എം10എസ്, സാംസംഗ് ഗാലക്സി എ10എസ്, നോക്കിയ 2.3, എല്‍ജി ഡബ്യു 30, പാനസോണിക് എലൂഗാ റേ 610 എന്നിവയാണ് പ്രധാനപ്പെട്ട മോഡലുകള്‍.
ഇന്ത്യക്ക് ചൈനീസ് ഫോണ്‍ ഇല്ലാതെ പറ്റുമോ?
ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായി അടുത്തിടെ ഇന്ത്യ മാറിയിരുന്നു. 200-ലേറെ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ ചൈനീസ് ബ്രാന്‍ഡുകളായ ഷിയോമി, വിവോ, ഒപ്പോ എന്നിവയ്ക്ക് ഉള്‍പ്പെടെ ഇവിടെ നിര്‍മ്മാണം നടത്തുന്നു.
തിരിച്ചുവരുമോ മൈക്രോമാക്സ്?
ചൈനീസ് ബ്രാന്‍ഡുകളുടെ വരവോടെയാണ് ഇന്ത്യന്‍ ബ്രാന്‍ഡായ മൈക്രോമാക്സ് മുങ്ങിപ്പോയത്. ഇപ്പോള്‍ പുതിയ ഫോണുകളുമായി ഇവര്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. എന്നാല്‍ ചൈനീസ് ബ്രാന്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രത്തോളം ഫോണുകള്‍ നല്കാന് കഴിയുമെന്ന ചോദ്യം ബാക്കിയാണ്.