‘ഇന്ത്യക്കാര്‍ക്ക് എതിരെ സൈബര്‍ ക്രിമിനലുകള്‍ നടത്തുന്ന സൈബര്‍ അക്രമങ്ങള്‍ക്കെതിരെ തയ്യാറായിരിക്കുക. സൗജന്യ കൊവിഡ് ടെസ്റ്റും, സഹായവും വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങള്‍ക്കും, ഇമെയിലുകള്‍ക്കും പ്രതികരണം നല്‍കരുത്’, ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുടെ ഇത്തരമൊരു ജാഗ്രതാ നിര്‍ദ്ദേശം ഇതിനകം നിങ്ങള്‍ക്കും ലഭിച്ചിരിക്കും.
അതിര്‍ത്തിയില്‍ ഇന്ത്യയും, ചൈനയും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തിലാണ് നിരവധി ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ചൈനീസ് ഹാക്കര്‍മാര്‍ സൈബര്‍ അക്രമം നയിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ബാങ്കിംഗ് ഉപയോക്താക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ബിസിനസ്സുകള്‍ക്കും, സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും, മാധ്യമ സ്ഥാപനങ്ങള്‍ക്കും നേരെ ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള ഹാക്കര്‍ ഗ്രൂപ്പുകള്‍ ഹാക്കിംഗ് നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതിരോധ മന്ത്രാലയം, റിലയന്‍സ് ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍, മൈക്രോമാക്സ്, സിപ്ല, സണ്‍ ഫാര്‍മ, എംആര്‍എഫ്, എല്‍&ടി തുടങ്ങിയ നിരവധി സ്ഥാപനങ്ങളെ സൈബര്‍ ക്രിമിനലുകള്‍ ലക്ഷ്യമിടുന്നുവെന്നാണ് സിംഗപ്പൂര്‍ ആസ്ഥാനമായ സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ സൈഫേര്‍മ റിസേര്‍ച്ച് വ്യക്തമാക്കി.
വ്യാപാര രഹസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങളില്‍ ചാരപ്രവര്‍ത്തനം നടത്തി സ്ഥാപനങ്ങളുടെ വിശ്വാസ്യത നശിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് റിസേര്‍ച്ച് സ്ഥാപനം കരുതുന്നത്. ടെലികോം, ഫാര്‍മ, മീഡിയ കമ്പനികള്‍, സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍, കണ്‍സ്ട്രക്ഷന്‍, ടയര്‍ കമ്പനികള്‍ എന്നിങ്ങനെയാണ് ഹാക്കര്‍മാരുടെ ലക്ഷ്യം.
വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ഇന്‍ഫൊര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയങ്ങളാണ് പ്രധാനമായും സൈബര്‍ ക്രിമിനലുകളെ നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗോത്തിക് പാണ്ട, സ്റ്റോണ്‍ പാണ്ട തുടങ്ങിയ പതിവ് ഹാക്കിംഗ് സംഘങ്ങളാണ് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചൈനീസ് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള സംഘങ്ങളാണിത്.