മൊബൈല്‍ ഫോണ്‍ മേഖല അടക്കിഭരിച്ച് ചൈന; ഇനി അവര്‍ ഇന്ത്യയിലേക്ക് കാറോടിക്കും, നമ്മള്‍ എന്ത് ചെയ്യും?

Chinese cars coming to India, what next?

0
350

ഇന്ത്യയും, ചൈനയും ഇപ്പോള്‍ അത്ര നല്ല ‘ഭായി, ഭായി’ ബന്ധത്തിലല്ല. അതിര്‍ത്തിയില്‍ പല കാരണങ്ങള്‍ കൊണ്ട് സംഘര്‍ഷം പുകയുമ്പോള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് അവരെ പാഠം പഠിപ്പിക്കാമെന്നാണ് ഇന്ത്യക്കാരുടെ ചിന്ത. ഇതിന്റെ ഭാഗമായി ചില ബഹിഷ്‌കരണങ്ങള്‍ നടക്കുമ്പോഴും നാമെല്ലാം ചൈനീസ് ഉത്പന്നങ്ങളെ ആശ്രയിക്കുന്നുവെന്ന് കൂടി വ്യക്തമാകുകയാണ്. മൊബൈല്‍ ഫോണ്‍ വിപണി തന്നെ ഉദാഹരണം.

ഇന്ത്യന്‍ വിപണിയില്‍ ഇന്ത്യന്‍ ഫോണുകള്‍ ആവശ്യത്തിന് ലഭ്യമല്ല. ഈ ഘട്ടത്തില്‍ മറ്റ് മൊബൈല്‍ ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ ഫീച്ചറുകള്‍ കുറഞ്ഞ വിലയ്ക്ക് ഇറക്കിയാണ് ചൈനീസ് മൊബൈല്‍ കമ്പനികള്‍ രോഷത്തെ മറികടക്കുന്നത്. ലാഭത്തില്‍ കിട്ടുമ്പോള്‍ ചൈനയാണോ, കൊറിയയാണോ എന്നൊന്നും നോക്കാന്‍ ഇന്ത്യക്കാരെ കിട്ടില്ല. ചൈനീസ് കളിപ്പാട്ടങ്ങള്‍ കളിച്ച് വളരുന്ന കുട്ടികളും, ചൈനീസ് ഫോണ്‍ നോക്കി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത് പഠിച്ച് വളരുന്നവരും ചൈനീസ് കാറുകളില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയാല്‍ തെല്ലും അത്ഭുതപ്പെടേണ്ടതില്ല.

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയിലേക്ക് കാറോടിച്ച് കയറ്റാന്‍ ചൈന

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണി ലോകത്തിലെ കാര്‍ കമ്പനികള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്ന ഒരിടമാണ്. അവിടേക്ക് തന്നെയാണ് ചൈനീസ് കാര്‍ കമ്പനികളുടെയും കണ്ണ്. ഇന്ത്യന്‍ കാര്‍ കമ്പനികളും, കൊറിയന്‍, ജാപ്പനീസ് ബ്രാന്‍ഡുകളും വിളയാടുന്ന ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് കാറുകള്‍ കടന്നുകയറിയാല്‍ ചിത്രം വ്യത്യസ്തമാകുമെന്നതാണ് അവസ്ഥ.

നിലവില്‍ എംജി കാറുകള്‍ ഇന്ത്യയില്‍ ഇറക്കുന്നത് ഷാന്‍കായ് ആസ്ഥാനമായ സായിക് മോട്ടോര്‍ ആണ്. ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനിയാണ് ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ കാറുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇന്റര്‍നെറ്റ് കാര്‍ എന്ന പേരില്‍ സാങ്കേതികവിദ്യ വില്‍ക്കുന്നത് ചൈന തന്നെയെന്ന് ചുരുക്കം. എന്നാല്‍ കാര്യങ്ങള്‍ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. ചൈന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കാര്‍ നിര്‍മ്മാതാക്കളായ ചാന്‍ഗാന്‍ ഓട്ടോമൊബൈല്‍സ് 2022-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വുഹുവില്‍ നിന്നുള്ള ചെറി ഓട്ടോമൊബൈല്‍, ഹോങ്കോംഗിലെ ഗീലി ഓട്ടോ ഗ്രൂപ്പ് എന്നിവരും ഇന്ത്യയെ ലക്ഷ്യംവെയ്ക്കുന്നു.

ഇന്ത്യയിലെ വാഹന വില്‍പ്പന മാന്ദ്യവും, ചൈനീസ് കമ്പനികളുടെ വരവും

ഇന്ത്യയിലെ വാഹന വിപണി തളര്‍ന്നിരിക്കുമ്പോഴാണ് കൊവിഡ് മഹാമാരി തേടിയെത്തിയത്. ഈ ഘട്ടത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തി പലരും സ്വന്തം വാഹനം വാങ്ങാന്‍ ഇറങ്ങിയത് വിപണിക്ക് ഗുണം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും മാന്ദ്യത്തില്‍ നിന്നും പൂര്‍ണ്ണമായി കരകയറിയിട്ടില്ല. ചൈനയിലും സമാനമാണ് സ്ഥിതി. 2019-ല്‍ അവിടെ വാഹന വില്‍പ്പന 8% ഇടിഞ്ഞു. ഇതോടെയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ വാഹന വിപണിക്ക് പുറത്തേക്ക് ചൈനീസ് കമ്പനികള്‍ ഇറങ്ങുന്നത്.

1000 പേരില്‍ 22 പേര്‍ക്ക് മാത്രം കാര്‍ സ്വന്തമുള്ള ഇന്ത്യ

നീതി ആയോഗ് കണക്ക് പ്രകാരം ഇന്ത്യയില്‍ ആയിരം പേരില്‍ 22 പേര്‍ക്കാണ് കാര്‍ സ്വന്തമായുള്ളത്. ആദ്യമായി കാര്‍ വാങ്ങാന്‍ സാധ്യതയുള്ളവരുടെ എണ്ണമാണ് കാര്‍ കമ്പനികളെ ആകര്‍ഷിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് ചൈനീസ് നിര്‍മ്മാതാക്കള്‍ക്ക് മികച്ച അവസരമാണ്.

ഇന്ത്യയില്‍ 7500 കോടി രൂപ നിക്ഷേപിക്കാനാണ് ഗ്രേറ്റ് വാള്‍ മോട്ടോര്‍സ് ഒരുങ്ങുന്നത്. 1800 കോടി ചെലവിട്ട് നാടുവിട്ട ജനറല്‍ മോട്ടോഴ്‌സിന്റെ നിര്‍മ്മാണ യൂണിറ്റ് വാങ്ങിയതും ഇത് മുന്‍നിര്‍ത്തിയാണ്. ഇന്ത്യയിലെ എസ്‌യുവി വിപണിയുടെ ഊര്‍ജ്ജം മുതലാക്കാനാണ് ചൈനീസ് കമ്പനിയുടെ മോഹം.

നിലവിലെ വിപണിയുടെ 50 ശതമാനം മാരുതി സുസുക്കിയാണ് കൈയാളുന്നത്. 20% ഹ്യുണ്ടായുടെ പക്കലാണ്. ഇതിന് പിന്നിലാണ് മറ്റ് കമ്പനികളുള്ളത്. അമേരിക്കന്‍, യൂറോപ്യന്‍ വമ്പന്‍മാര്‍ ഇന്ത്യയില്‍ വേരോട്ടം ഉറപ്പിക്കാന്‍ പാടുപെടുമ്പോഴാണ് എംജി മോട്ടോര്‍ ഇന്ത്യ ഹെക്ടര്‍ ഇറക്കി വിജയം കൊയ്തത്. ഈ ആത്മവിശ്വാസത്തിലാണ് മികവേറിയ കാറുകളുമായി ചൈനീസ് കമ്പനികള്‍ ഇന്ത്യയിലേക്ക് നീങ്ങുന്നത്.

ഒരു കാലത്ത് ആഭ്യന്തര ഫോണുകളും, സൗത്ത് കൊറിയന്‍ ബ്രാന്‍ഡുകളും കൈയടക്കി വെച്ചിരുന്ന ഫോണ്‍ വിപണിയില്‍ ഷിയോമിയും, വിവോയും, ഒപ്പോയും പോലുള്ള ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ കൊണ്ടുവന്ന മാറ്റം മറ്റ് കമ്പനികളുടെ അടിതെറിപ്പിക്കുന്നതായിരുന്നു. കാര്‍ വിപണിയില്‍ മാരുതിയുടെ വാഹനങ്ങള്‍ക്ക് പോലും തൊട്ടാല്‍ പൊള്ളുന്ന വിലയായതോടെ ഇന്ത്യയിലെ ഉപഭോക്താക്കള്‍ മികവ് അന്വേഷിച്ച് ബ്രാന്‍ഡുകളില്‍ പരീക്ഷണത്തിന് തയ്യാറായി കഴിഞ്ഞു. അതുകൊണ്ട് ഇന്ത്യയിലേക്ക് ചൈനക്കാര്‍ കാറോടിച്ച് കയറിയാല്‍ ഒട്ടും തന്നെ അതിശയിക്കേണ്ടതില്ല.