അങ്ങിനെ ഇപ്പോ ക്രിസ്മസ് ആഘോഷിക്കേണ്ട; ആഘോഷങ്ങള്‍ നിര്‍ബന്ധിതമായി വെട്ടിക്കുറച്ച് ചൈന

0
286

ക്രിസ്മസ് ആഘോഷങ്ങള്‍ വെട്ടിക്കുറച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. സാന്റാക്ലോസിന് പുറമെ ക്രിസ്മസ് ട്രീ, ലൈറ്റുകള്‍, ബെല്ലുകള്‍ എന്നിവ നീക്കം ചെയ്യിക്കുന്ന പരിപാടി അരങ്ങേറുകയാണ്. പപരമ്പരാഗത സംസ്‌കാരം മതിയെന്ന ഭരണപക്ഷമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടാണ് ഇതിന് ഇടയാക്കുന്നത്. പ്രത്യേകിച്ച് മതങ്ങളെ പ്രസിഡന്റ് സീ ജിന്‍പിംഗ് അടിച്ചമര്‍ത്തി വരികയാണ്.

ഈ വര്‍ഷം നാല് ചൈനീസ് നഗരങ്ങളും, ഒരു കൗണ്ടിയുമാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിബന്ധനകള്‍ പ്രഖ്യാപിച്ചത്. ചൈനയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും, അധ്യാപകരും, ഇവരുടെ രക്ഷിതാക്കളുമാണ് സംഗതി സ്ഥിരീകരിച്ചത്. ചൈനീസ് പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളുടെ കണ്ണിലുണ്ണി ആകാനാണ് സീയുടെ ശ്രമം.

വൈദേശിക ആഘോഷങ്ങള്‍ക്കെതിരെ ചൈനയില്‍ പ്രതിരോധം ഉയര്‍ന്നുവരികയാണ്. മുസ്ലീങ്ങളെ പ്രത്യേക ക്ലാസിന് വിടുകയും, ക്രിസ്ത്യന്‍ പള്ളികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്യുന്നതും ഇപ്പോള്‍ സാധാരണമായി മാറിയിരിക്കുന്നു. ക്രിസ്മസ് ഒരുക്കങ്ങള്‍ക്കുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പോലും പൂട്ടുവീഴുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ക്രിസ്മസ് വില്‍പ്പനയും, തെരുവില്‍ ആഘോഷവും നടത്തുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് ഹുനാന്‍ പ്രവിശ്യയിലെ ഹെന്‍യാംഗിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പല യൂണിവേഴ്‌സിറ്റികളിലും ഇതുമൂലം ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ റദ്ദാക്കുകയാണ്.