ബൈക്കിന് മുകളിലേക്ക് കയറിയിരുന്നാല്‍ ചിലര്‍ യുദ്ധവിമാനത്തില്‍ കയറിയ പൈലറ്റിനെ പോലെയാണ്. റോഡില്‍ മറ്റുള്ളവര്‍ കൂടി യാത്ര ചെയ്യുന്നത് പരിഗണിക്കാതെ ചീറിപ്പായും. ഇതുമൂലം സ്വന്തം ആരോഗ്യം മാത്രമല്ല ഭൂമിയുടെ ആരോഗ്യം കൂടി ഇല്ലാതാകുമെന്ന് ചിന്തിക്കുന്ന പതിവില്ല. ഇന്ധനം കുറച്ച് ചെലവഴിച്ചാല്‍ ഭൂമിയെയും രക്ഷിക്കാം, പോക്കറ്റില്‍ കിടക്കുന്ന പണവും ലാഭിക്കാം.
വാരിവലിച്ച് സ്പീഡ് വേണ്ട!
ശരിയായ വേഗതയില്‍ വാഹനം ഓടിക്കുന്നതാണ് ടുവീലറുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും സുപ്രധാന കാര്യം. സ്ഥായിയായ വേഗതയില്‍ ടുവീലര്‍ ഓടിച്ചാല്‍ ഇന്ധനക്ഷമതയും വര്‍ദ്ധിക്കും. പൊടുന്നനെ വേഗത കൂട്ടുന്നതും, കുറയ്ക്കുന്നതും കുറച്ചാല്‍ എഞ്ചിന് അമിതമായി പണിയെടുക്കേണ്ടി വരില്ല. ഇതുവഴി മറ്റ് തേയ്മാനങ്ങളും കുറയ്ക്കാം.
ടയറില്‍ കാറ്റടിക്കാന്‍ മറക്കല്ലേ!
വളരെ സിംപിളായ കാര്യം. പക്ഷെ നല്ലൊരു ശതമാനം വാഹന ഉപയോക്താക്കളും നിസ്സാരമാക്കി മാറ്റിവെയ്ക്കുന്ന കാര്യം. ഇന്ധനക്ഷമത ഉറപ്പാക്കാന്‍ ടയറുകളിലെ സമ്മര്‍ദം കൃത്യമാക്കി വെയ്ക്കണം. ഇതുവഴി ചലനത്തിലെ പ്രതിരോധം കുറയ്ക്കാനും, മികച്ച ഗ്രിപ്പ് നേടി വാഹനം അനായാസം കൈകാര്യം ചെയ്യാനും കഴിയും.
സിഗ്നലിന്റെ ദൈര്‍ഘ്യം കൂടുതലായാല്‍!
30 സെക്കന്‍ഡില്‍ അധികം താമസമുള്ള ട്രാഫിക് സിഗ്നലില്‍ കുടുങ്ങിയാല്‍ ടുവീലറിന്റെ എഞ്ചിന് ഓഫ് ചെയ്യാന്‍ യാതൊരു മടിയും വേണ്ട. കുറച്ച് നേരത്തെ ഈ പരിപാടി ഒരു മാസം ആവര്‍ത്തിക്കുമ്പോള്‍ എത്രത്തോളം ഇന്ധനലാഭം നേടാമെന്ന് ചിന്തിച്ചാല്‍ മതി.
വാഹനത്തിന്റെ ആരോഗ്യം നന്നാകണം!
കൃത്യമായി ഇടവേളകളില്‍ സര്‍വ്വീസ് നടത്തണം. എഞ്ചിന് ഓയിലും, കൂളന്റും, ബ്രേക്ക് ഫ്ളൂയിഡും ശ്രദ്ധിക്കണം, മാറ്റണം. എഞ്ചിന് നന്നായി പ്രവര്‍ത്തിച്ചാല്‍ ഗുണം ഇന്ധനക്ഷമതയില്‍ പ്രതിഫലിക്കും. ടുവീലറില്‍ നിന്നും പുറത്തുവരുന്ന പുകയിലെ മാറ്റങ്ങള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന സൂചനയാണ്.