കാര്‍ബണ്‍ ഫൂട്ട്പ്രിന്റ്; ഇതും പരസ്യകമ്പനികള്‍ എണ്ണ ഉത്പാദക കുത്തകള്‍ക്കായി ‘സൃഷ്ടിച്ച’ വാക്ക്; കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള ഉത്തരവാദിത്വം സാധാരണക്കാരന്റെ തലയിലാക്കിയ കുബുദ്ധി!

  Carbon footprint is a PR trick, do you know?

  0
  85

  പശു ചാണകമിടുന്നത് മുതല്‍ ബീഫ് തിന്നുന്നത് വരെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ ഭാഗമാണ്. വീട്ടില്‍ എസി ഉപയോഗിക്കുന്നതും, ഫ്രിഡ്ജ് വെയ്ക്കുന്നതും, ലോണ്‍ എടുത്ത് വാങ്ങിയ കാര്‍ റോഡിലിറക്കുന്നതും വരെ പ്രശ്‌നമാണെന്ന് നമ്മളില്‍ കുറ്റബോധം വളരുന്ന കാലം കൂടിയാണിത്. എന്നാല്‍ നമ്മള്‍ അത്രയൊക്കെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കേണ്ട കാര്യമുണ്ടോ? ഇല്ലെന്നതാണ് വസ്തുത. കാരണം ഈ കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് എന്ന വാക്ക് തന്നെ ഒരു ബഹുരാഷ്ട്ര എണ്ണ കമ്പനിക്ക് വേണ്ടി പരസ്യ കമ്പനി സൃഷ്ടിച്ചതാണെന്നത് തന്നെ!

  കാലാവസ്ഥാ വ്യതിയാനം നിങ്ങളുടെ കുറ്റമല്ല!

  ഈ സത്യം ആദ്യം തിരിച്ചറിയുക. ലോകത്തെ രക്ഷപ്പെടുത്താനായി ആഹ്വാനം വരുമ്പോള്‍ തങ്ങളാല്‍ കഴിയുന്ന ചെറിയ കാര്യങ്ങള്‍ ഒഴിവാക്കി ഭൂമിയെ രക്ഷിക്കാമെന്ന് നമ്മള്‍ കരുതുന്നു. എന്നാല്‍ എണ്ണ ഉത്പാദക കമ്പനികള്‍ ചെയ്യുന്നത് പോലെ ഈ ക്രൂരത ചെയ്യുന്ന മറ്റൊരാളും ലോകത്തില്ല. അവര്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്തതുമാണ്.

  കാര്‍ബണ്‍ ഫൂട്ട്പ്രിന്റ്- പരസ്യകമ്പനിയുടെ കണ്ടുപിടുത്തം!

  കാര്‍ബണ്‍ ഫൂട്ട്പ്രിന്റ്, നിങ്ങള്‍ കാര്‍ ഓടിക്കുമ്പോള്‍ ഇത്ര കാര്‍ബണ്‍, നടക്കുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍ എന്നൊക്കെ പറഞ്ഞ് നമ്മളെ പേടിപ്പിക്കുന്നുണ്ട്. ഈ വാക്ക് തന്നെ ബ്രിട്ടീഷ് പെട്രോളിയത്തിന്റെ കാശ് വാങ്ങി ഒരു പരസ്യ കമ്പനി തയ്യാറാക്കിയതാണ്.

  ആഗോള വ്യവസ്ഥയെ തകിടം മറിക്കുന്നത് തങ്ങളാണെന്ന സത്യം മറച്ചുപിടിക്കാനാണ് എണ്ണ കമ്പനികള്‍ ഈ പരസ്യവാചകം നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ചതെന്ന് ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ എഴുത്തുകാരി റെബേക്ക സോള്‍നിറ്റ് ചൂണ്ടിക്കാണിക്കുന്നു.

  ബ്രിട്ടീഷ് പെട്രോളിയവും, ഒഗില്‍വിയും കുഴിച്ച കുഴി!

  ലോകത്തിലെ രണ്ടാമത്തെ വലിയ സര്‍ക്കാര്‍ ഇതര ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയാണ് ബ്രിട്ടീഷ് പെട്രോളിയം. ഇവരാണ് പിആര്‍ സംഘത്തെ ഉപയോഗിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തരവാദിത്വം സാധാരണക്കാരന്റെ തലയില്‍ ഇടാന്‍ വഴിതേടിയത്.

  അങ്ങിനെയാണ് പരസ്യരംഗത്തെ വമ്പന്‍മാരായ ഒഗില്‍വി & മേത്തര്‍ ഈ വാക്ക് കണ്ടെത്തി പ്രചരണം നടത്തിയതെന്ന് സയന്‍സ് റിപ്പോര്‍ട്ടര്‍ മാര്‍ക്ക് കോഫ്മാന്‍ പറയുന്നു. ബ്രിട്ടീഷ് പെട്രോളിയം പ്രൊമോട്ട് ചെയ്ത വാക്ക് മറ്റുള്ളവരും ഏറ്റുപിടിച്ചു. 2004ല്‍ കമ്പനി കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് കാല്‍കുലേറ്റര്‍ കൂടി പുറത്തിറക്കി. ഇതോടെ നടക്കുന്നത് മുതല്‍ ശ്വാസം എടുക്കുന്നത് വരെയുള്ളവ അളന്ന് സാധാരണക്കാരനെ പറ്റിക്കാന്‍ തുടങ്ങി.

  എണ്ണക്കമ്പനികളുടെ കള്ളക്കളി

  കാലാവസ്ഥാ വ്യതിയാനത്തില്‍ ഇത്തരം ഇന്ധന കമ്പനികളുടെ പങ്ക് വളരെ വലുതാണ്. ഇവരുടെ ഉത്പന്നങ്ങളാണ് ഭൂമിയെ നശിപ്പിക്കുന്നതെന്ന് സോള്‍നിറ്റ് കൂട്ടിച്ചേര്‍ക്കുന്നു. സാധാരണ മനുഷ്യര്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ ഉണ്ടാക്കിവെച്ച നാശനഷ്ടങ്ങള്‍ തിരുത്താന്‍ പര്യാപ്തമല്ലെന്നതാണ് വാസ്തവം.

  സാധാരണക്കാരനില്‍ കുറ്റബോധം സൃഷ്ടിക്കാന്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കണക്കാക്കാന്‍ അടുത്തിടെ പുറത്തിറങ്ങിയ ജനപ്രിയ ആപ്പുകള്‍ക്ക് പിന്നില്‍ പോലും എണ്ണ കമ്പനികളുണ്ട്. ഈ ഘട്ടത്തില്‍ നുണ പറഞ്ഞ് നമ്മളുടെയൊക്കെ കണ്ണ് മൂടിക്കെട്ടുന്നതിന് പകരം എണ്ണ കമ്പനികള്‍ ലാഭക്കൊതി കുറച്ചാല്‍ ഭൂമി പകുതി രക്ഷപ്പെടും.