ആപ്പുമായി വന്നു കോടീശ്വരനായി; ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയിലേക്ക് ഇതാ ഒരു മുന്‍ അധ്യാപകന്‍

0
451

ബൈജൂസ് ആപ്പ്, അയ്യേ ഇതെന്ത് ആപ്പ്! ഇമ്മാതിരി ലോക്കല്‍ പേരൊക്കെ ഇട്ടാല്‍ ആപ്പ് വല്ലതും വിജയിക്കുമോ? ബൈജൂസ് ആപ്പിനെക്കുറിച്ച് ആദ്യം കേട്ടവര്‍ പലരും ചിന്തിച്ചിരിക്കും. എന്നാല്‍ തമാശ ആപ്പുകളുടെ കാലത്ത് വിദ്യാഭ്യാസത്തെ സീരിയസായി കാണുന്ന ഒരു മുന്‍ ക്ലാസ്‌റൂം അധ്യാപകന്‍ തയ്യാറാക്കിയ ആ ആപ്പ് ലോകത്തിലെ മികച്ച ഉത്പന്നമായി മാറി. അതോടെ അയ്യേ എന്നുപറഞ്ഞവര്‍ പോലും മക്കള്‍ക്ക് പഠിക്കാനായി ബൈജൂസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തു!

ഈ ഡൗണ്‍ലോഡുകള്‍ സൃഷ്ടിച്ചത് ബൈജൂ രവീന്ദ്രന്‍ എന്ന കോടീശ്വരനെ കൂടിയാണ്. ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയിലേക്ക് വെറും ഏഴ് വര്‍ഷം കൊണ്ടാണ് അദ്ദേഹം ചുവടുവെച്ചത്. ഇന്ന് അദ്ദേഹത്തിന്റെ ആപ്പിന്റെ മൂല്യം ഏകദേശം 6 ബില്ല്യണ്‍ ഡോളറാണ്.

ഈ മാസം ആദ്യം ബൈജുവിന്റെ തിങ്ക് & ലേണ്‍ പ്രൈവറ്റ് 150 മില്ല്യണ്‍ ഡോളര്‍ കൂടി സമാഹരിച്ചതോടെയാണ് കോടീശ്വര ക്ലബിലേക്ക് അദ്ദേഹം പ്രവേശിച്ചത്. 21% ഓഹരിയാണ് കമ്പനിയില്‍ സ്ഥാപകന് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ പേരില്‍ തന്നെ ആരംഭിച്ച ബൈജൂസ് ആപ്പ് ഇനി അമേരിക്കന്‍ തീരത്തേക്ക് കൂടി നീങ്ങുകയാണ്. സാക്ഷാല്‍ വാള്‍ട്ട് ഡിസ്‌നി കോയ്ക്ക് ഒപ്പം ചേര്‍ന്ന് 2020-ഓടെ ബൈജൂസ് അമേരിക്കയിലേക്ക് കടന്നെത്തും.

ഇതുവഴി 37-കാരനായ ബൈജുവിന്റെ ആപ്പില്‍ ലയണ്‍ കിംഗിലെ സിംബയും, ഫ്രോസണിലെ അന്നയും ഒക്കെ വന്ന് കണക്കും, ഇംഗ്ലീഷും പഠിപ്പിക്കും. ഡിസ്‌നി ബൈജൂസ് അമേരിക്കന്‍, ബ്രിട്ടീഷ് സ്‌കൂള്‍ കരിക്കുലം കൂടി ഉള്‍പ്പെടുത്തുന്നതോടെ ആഗോള മാര്‍ക്കറ്റിലും ബൈജൂസിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കും. ഇതോടെ ബൈജൂസ് ആപ്പ്, അത് നമ്മുടെ നാട്ടുകാരന്റേതെന്ന് ഇന്ത്യക്കാരെ കൊണ്ട് പറയിപ്പിക്കും!