ട്രാന്‍സ്ജെന്‍ഡര്‍, ഇത് വായിക്കുമ്പോള്‍ തന്നെ ചിലരുടെ മുഖത്ത് അശ്ലീലം കലര്‍ന്ന ഒരു ചിരി വിടരും, മറ്റ് ചിലരുടെ മുഖങ്ങളില്‍ ഒരു പരിഹാസവും, ചിലര്‍ക്ക് സഹതാപവും തോന്നിയേക്കാം. ഇത്തരം ചിന്തകള്‍ക്ക് ഒരു പൊളിച്ചെഴുത്ത് അനിവാര്യമായി ഇക്കാലത്ത് പരസ്യങ്ങളിലും അതിന്റെ പ്രതിഫലനം പ്രതീക്ഷിക്കാവുന്നതേയുള്ളൂ.
ബ്രൂക് ബോണ്ട് റെഡ് ലേബല്‍ ബ്രാന്റ് ഇത്തരം സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ വിമര്‍ശനങ്ങളെ ഭയക്കാതെ പരസ്യസന്ദേശങ്ങളില് ഉള്‍പ്പെടുത്താറുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ മുന്‍നിര്‍ത്തി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തയ്യാറാക്കിയ പുതിയ പരസ്യചിത്രത്തിലും അവര്‍ സധൈര്യം മുന്നോട്ട് തന്നെ.
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നേരിടുന്ന മുന്‍വിധികളും, ഒരു കപ്പ് ചായ കൊണ്ട് ഇതിന് വരുന്ന മാറ്റവുമാണ് റെഡ് ലേബലിന്റെ പുതിയ പരസ്യം പ്രതിപാദിക്കുന്നത്. ഒഗില്‍വി ഇന്ത്യയാണ് ഈ പരസ്യചിത്രം തയ്യാറാക്കിയിരിക്കുന്നത്.
മഴ പെയ്യുന്ന ഒരു ദിവസം, പേരക്കുട്ടിയുമായി ടാക്സിയില്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ട ഒരു മുത്തശ്ശിയിലൂടെയാണ് കഥ തുടങ്ങുന്നത്. ഇതിനിടെ കാറിന്റെ ചില്ലില്‍ ഒരാള്‍ മുട്ടിവിളിക്കുന്നു. അതൊരു ട്രാന്സ്ജെന്ഡറാണ്. പതിവായി പൈസ ചോദിക്കുന്ന ഇത്തരക്കാരെ കൊണ്ട് തോറ്റെന്ന മട്ടില്‍ ആ മുത്തശ്ശി ബാഗില്‍ നിന്നും പണമെടുത്ത് കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ അവര്‍ അത് നിരാകരിക്കുന്നു.
പകരം താന്‍ പുതുതായി ആരംഭിച്ച ചായക്കടയില്‍ നിന്നും ഒരു കപ്പ് ചായയാണ് ട്രാന്‍സ്ജെന്‍ഡര്‍ മുത്തശ്ശിക്കും പേരക്കുട്ടിക്കും നല്‍കുന്നത്. ചായ രുചിച്ച മുത്തശ്ശി പണം നല്‍കുന്നത് ഒഴിവാക്കി ഇവരെ അനുഗ്രഹിക്കുന്നതോടെയാണ് പരസ്യം അവസാനിക്കുന്നത്.
ഇന്ത്യയിലെ ഹിന്ദു, മുസ്ലീം ഭിന്നതകളെ തലോടി ‘അയല്‍ക്കാര്‍’ പരസ്യം ഒരുക്കിയ ശേഷമാണ് ബ്രൂക് ബോണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളും സമൂഹത്തിന്റെ ഭാഗമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന പരസ്യം പുറത്തുവിടുന്നത്.