‘ബാംഗ്ലൂര്‍ക്ക് ഒന്ന് പോകണം’.
‘അതിനെന്താ ആ റെഡ് ബസ് സൈറ്റില്‍ കയറി നോക്ക്. കല്ലട ട്രാവല്‍സിന്റെ ഇഷ്ടം പോലെ ബസ് കാണും.’
‘പിന്നെ എനിക്ക് ജീവനോടെ ബാംഗ്ലൂര്‍ എത്തിയിട്ട് കാര്യമുണ്ടേ. ഹും, കല്ലടയേ’…
ഇങ്ങനെ പോകുന്ന ട്രോളുകളും, കഥകളും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. സുരേഷ് കല്ലട ട്രാവല്സില് യാത്ര ചെയ്തതിന്റെ ദുരിതങ്ങളും ജീവനക്കാരുടെ വേണമെങ്കില്‍ മതിയെന്ന നിലപാടും, ചോദ്യം ചെയ്താല്‍ കൊല്ലുമെന്ന് വരെയുള്ള ഭീഷണികളുടെയും കഥകള്‍ പുറത്തുവന്നതോടെ സുരേഷ് കല്ലടയെ കെട്ടുകെട്ടിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യാത്രക്കാര്‍ ഒത്തുപിടിക്കുകയാണ്. ബസ് ബുക്കിംഗ് പ്ലാറ്റ്ഫോമായ റെഡ്ബസ് ഇതില്‍ വിശദീകരണക്കുറിപ്പ് ഇറക്കിക്കഴിഞ്ഞു.

കല്ലട ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ള ബസില്‍ നടന്ന സംഭവങ്ങള്‍ അറിഞ്ഞു. റെഡ്ബസ് പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്ത യാത്രക്കാരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പോലീസ് കേസ് അന്വേഷിക്കുന്നതോടൊപ്പം ഇതില്‍ സത്യാവസ്ഥ കണ്ടെത്താന്‍ ഞങ്ങളും അന്വേഷണം നടത്തുകയാണ്. ഇതില്‍ നിന്നും വിവരങ്ങളുടെ നിജസ്ഥിതി കണ്ടെത്തിയ ശേഷം നടപടി സ്വീകരിക്കാം. യാത്രക്കാരുടെ സുരക്ഷയും, സൗകര്യവുമാണ് ഞങ്ങള്‍ക്ക് പ്രധാനമെന്ന് കൂടി പറഞ്ഞാണ് റെഡ്ബസ് വാര്‍ത്താക്കുറിച്ച് നല്‍കിയത്.
എന്നാല്‍ ഇതുകൊണ്ടൊന്നും കാര്യമില്ലെന്നും കല്ലട ട്രാവല്‍സിന്റെ പുക കാണാതെ അടങ്ങില്ലെന്നുമാണ് യാത്രക്കാരുടെ നിലപാട്. ചെറിയ ബിസിനസ്സായി ആരംഭിച്ച് ബാംഗ്ലൂര്‍, ഹൈദരാബാദ് റൂട്ടുകളില്‍ രാജാവായി വാഴുന്ന തരത്തിലേക്ക് വളര്‍ന്ന സുരേഷ് കല്ലട ട്രാവല്‍സിനെ അത്ര പെട്ടെന്ന് ഒതുക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. പ്രത്യേകിച്ച് പല റൂട്ടുകളിലും മറ്റ് ബസുകള്‍ ഓടുന്നില്ലെന്നത് ഇവര്‍ക്ക് തരമാകുന്നു. കൂടാതെ വന്‍തോതില്‍ അനധികൃത കൊറിയര്‍ സര്‍വ്വീസും സംഘടിപ്പിക്കുന്നു. കുറച്ച് നാള് മുന്‍പ് ഋഷിരാജ് സിംഗ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായപ്പോള്‍ ഇത്തരം ഇന്റര്‍സ്റ്റേറ്റ് ബസുകളില്‍ ബൈക്കും, പണവും വരെ കൊണ്ടുപോകുന്നതായി കണ്ടെത്തിയിരുന്നു.
ഇതിന് പുറമെ ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് തിരക്കേറിയ സമയത്ത് റെയില്‍വെ പുതിയ ട്രെയിനുകള്‍ ഇറക്കുന്ന പദ്ധതിക്ക് തുരങ്കം വെയ്ക്കുന്നവരില്‍ കല്ലട മുന്‍പന്തിയില്‍ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധം നീണ്ടാല്‍ കൂടിപ്പോയാല്‍ ബസുകളുടെ പേര് മാറ്റി അവര്‍ സര്‍വ്വീസ് തുടരും, ഒത്താശ പാടാന്‍ ആളുള്ളത് കൊണ്ട് കാര്യങ്ങള്‍ സിംപിളാകും.