350-ലേറെ ആനകള്‍, വന്യമേഖലയില്‍ വസിച്ചിട്ടും മരിച്ചുവീഴുന്ന കാഴ്ച. ഒന്നും ചെയ്യാതെ അധികൃതര്‍. ആകാശദൃശ്യങ്ങളില്‍ ചത്തുവീണ് കിടക്കുന്ന ആ വലിയ മൃഗങ്ങളുടെ ജഡങ്ങള്‍. പലതും ജീര്‍ണ്ണിച്ച് തുടങ്ങിയിരിക്കുന്നു. എന്നിട്ടും കാരണം എന്തെന്ന് തിരക്കാന്‍ ബോട്സ്വാനയിലെ അധികൃതര്‍ക്ക് സമയം കിട്ടിയിട്ടില്ല.
ഒകാവാങ്കോ ഡെല്‍റ്റയിലും, രാജ്യത്തെ നോര്‍ത്ത് പ്രദേശങ്ങളിലുമായാണ് 350-ലേറെ ആനകള്‍ ദുരൂഹമായ നിലയില്‍ ചത്തുവീണത്. മെയ് മാസത്തില്‍ 169 ആനകള്‍ ഈ വിധം ചത്തതായി വിവരം ലഭിച്ചിരുന്നു. ജൂണ്‍ മധ്യത്തോടെ ഇത് ഇരട്ടിയായി ഉയര്‍ന്നു. മൃഗങ്ങള്‍ വെള്ളം കുടിക്കാനെത്തുന്ന മേഖലകളിലാണ് പ്രധാനമായും ഇവ മരിക്കുന്നത്.

വിഷം, കീടാണുക്കള്‍ എന്നിവയില്‍ ഏതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബോട്സ്വാന സര്‍ക്കാര്‍ ഇതുവരെ പരിശോധിച്ചിട്ടില്ല. സിംബാബ്വേയില് വേട്ടക്കാര്‍ സയനൈഡ് ഉപയോഗിക്കാറുണ്ട്. ഇതുപോലൊരു കൂട്ടക്കുരുതി വരള്‍ച്ച ഒഴികെയുള്ള സമയങ്ങളില്‍ കണ്ടിട്ടില്ലെന്ന് നാഷണല്‍ പാര്‍ക്ക് റെസ്ക്യൂ കണ്‍സര്‍വേഷന്‍ ഡയറക്ടര്‍ ഡോ. നിയാല്‍ മക്കാന് പറയുന്നു.

എത്രയും വേഗം മൃഗങ്ങളില്‍ ടെസ്റ്റ് നടത്തി കാരണം കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഇത് മനുഷ്യര്‍ക്ക് അപകടം സൃഷ്ടിക്കുമെന്ന ആശങ്കയാണ് കാരണം. ആഫ്രിക്കയില്‍ ആകെ വേട്ടക്കാര്‍ മൂലം ആനകളുടെ എണ്ണം കുറയുമ്പോള്‍ ബോട്സ്വാനയില് സ്ഥിതി മറിച്ചാണ്. കൃഷി നശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ഈ ആനകള്‍ ശത്രുപക്ഷത്താണ്.