ബിരിയാണി പ്രേമികള്‍ക്ക് അറിയാമോ സാലഡും, നാരങ്ങാ അച്ചാറും വിളമ്പുന്നത് എന്തിനെന്ന്?

0
454

കേരളത്തില്‍ ഇപ്പോള്‍ ബിരിയാണി പ്രേമികളുടെ എണ്ണം കൂടി വരികയാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകള്‍ അടുത്തിടെ പുറത്തുവിട്ട കണക്കില്‍ ചൂടപ്പം പോലെ വിറ്റഴിയുന്നത് ബിരിയാണി തന്നെയെന്ന് സാക്ഷ്യപ്പെടുത്തുന്നു. കാര്യമായി മേലനങ്ങിയുള്ള ജോലികള്‍ ചെയ്യാത്ത മലയാളികളാണ് ഓണ്‍ലൈനില്‍ ഓഫീസിലും, ഫ്‌ളാറ്റിലും ഇരുന്ന് ഓര്‍ഡര്‍ ചെയ്യുന്നതെന്ന് ഓര്‍ക്കണം. അതുകൊണ്ട് പതിവായി ഈ ബിരിയാണി പ്രേമം തുടര്‍ന്നാല്‍ അസുഖങ്ങള്‍ എളുപ്പം തേടിയെത്തിയേക്കാം.

വീട്ടില്‍ പാകം ചെയ്ത് കഴിക്കുന്ന ബിരിയാണിയോളം ഒരു ഹോട്ടലിലെയും ബിരിയാണിയും നന്നാകില്ല, പ്രത്യേകിച്ച് ആരോഗ്യപ്രദമാകില്ല. ഹോട്ടലുകളില്‍ ഡാല്‍ഡയും, വനസ്പതിയും, മൃഗക്കൊഴുപ്പുമെല്ലാം ചേര്‍ത്ത് രുചി കൂട്ടാനുള്ള വസ്തുക്കളും ഇട്ട് തയ്യാറാക്കുന്ന ബിരിയാണിയേക്കാള്‍ വീട്ടില്‍ നെയ്യും, വെളിച്ചെണ്ണയും ഉപയോഗിച്ച് തയ്യാറാക്കിയാല്‍ ആരോഗ്യപ്രദമാകും.

ഇതിനൊപ്പം തൈരില്‍ ചേര്‍ത്ത സാലഡുകള്‍ വിളമ്പാന്‍ മറക്കേണ്ട. വയറിനുള്ളിലേക്ക് അനായാസം എത്തിച്ചേരുന്ന സാലഡുകളില്‍ പച്ചകള്‍ ഉള്‍പ്പെടുത്തിയാല്‍ മൃഗക്കൊഴുപ്പ് മൂലമുള്ള പ്രശ്‌നങ്ങളെ ഒരു പരിധി വരെ നേരിടാം. കാന്‍സറിന് കാരണമാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സാലഡിന്റെ ഉപയോഗം ഗുണം ചെയ്യും. ബിരിയാണി കഴിക്കുമ്പോള്‍ മാത്രമല്ല ഏത് നോണ്‍-വെജ് ഭക്ഷണം കഴിക്കുമ്പോഴും ആവശ്യത്തിന് പച്ചക്കറി ഉള്‍പ്പെടുത്താം.

നാരങ്ങാ അച്ചാറും നിസ്സാര കാര്യമല്ല. നാരങ്ങ ദഹനത്തിന് സഹായിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായാണ് നാരങ്ങ അച്ചാര്‍ ബിരിയാണിക്കൊപ്പം ഇടംപിടിക്കുന്നത്.