ബിഗ് ബോസില്‍ ഇത്തവണ ‘കൂതറയാക്കാന്‍’ 17 പേര്‍; ഇവരില്‍ ആരാകും മുന്നിലെത്തുക?

0
293

ബിഗ് ബോസ് റിയാലിറ്റി ഷോ ആദ്യ സീസണ്‍ കണ്ടവര്‍ക്കെല്ലാം തലക്കെട്ടിന്റെ രഹസ്യം പിടികിട്ടിക്കാണും. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നവരെ സംബന്ധിച്ച് നമ്മള്‍ ഇതുവരെ കണ്ടതല്ലാത്ത രീതിയിലുള്ള പ്രകടനങ്ങളും, പെരുമാറ്റങ്ങളും, എന്തിനേറെ പറയുന്നു പ്രണയം വരെ കാണിച്ചാണ് പ്രേക്ഷകരെ ചാനലുകാര്‍ അമ്പരപ്പിക്കുന്നത്.

സാക്ഷാല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ ജനുവരി 5ന് തുടങ്ങിയിട്ടുണ്ട്. ആദ്യ സീസണില്‍ ചലച്ചിത്രതാരം സാബുമോന്‍ വിജയിക്കുകയും 1 കോടി രൂപ സമ്മാനത്തുകയുമായി മടങ്ങുകയും ചെയ്തിരുന്നു. വിവാദങ്ങളും, പിണക്കങ്ങളും തുടങ്ങിയ മെഗാ സീരിയലിനെ വെല്ലാന്‍ പോന്നതെല്ലാം റിയാലിറ്റി ഷോയില്‍ അവതരിപ്പിക്കപ്പെടും.

ഇക്കുറി ബിഗ് ബോസ് ഹൗസില്‍ എത്തിയിരിക്കുന്നത് 17 മത്സരാര്‍ത്ഥികളാണ്. ഇവര്‍ ആരൊക്കെയെന്ന് പരിചയപ്പെടാം.

1) പ്രദീപ് ചന്ദ്രന്‍: മലയാള സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന പ്രദീപ് ഒപ്പം, ദൃശ്യം, ഗീതാഞ്ജലി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

2) പരീക്കുട്ടി പെരുമ്പാവൂര്‍: ഓണ്‍ലൈന്‍ ലോകത്ത് വൈറലായതോടെയാണ് ഈ പേര് മലയാളികള്‍ കേട്ടത്. ഹാപ്പി വെഡ്ഡിംഗ്, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

3) രജനി ചാണ്ടി: ജൂഡിന്റെ ഒരു മുത്തശ്ശി ഗദയിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന മുതിര്‍ന്ന അഭിനേത്രി 2019ല്‍ ഗാംബ്ലറിലും അഭിനയിച്ചു.

4) ആര്‍ജെ രഘു: കോഴിക്കോട് നിന്നുള്ള പ്രമുഖ റേഡിയോ താരം. റേഡിയോക്ക് പുറമെ വിജെ, അഭിനയം, കവി എന്നിവയും, ശബ്ദം നല്‍കാനും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു.

5) അലീനാ പടിക്കല്‍: ഭാര്യ സീരിയല്‍ താരമായ ഈ 26-കാരി സെലിബ്രിറ്റി ചാറ്റ് ഷോയും അവതരിപ്പിക്കുന്നുണ്ട്.

6) ഫുക്രു: മറ്റൊരു സോഷ്യല്‍ മീഡിയ താരം. ടിക് ടോകില്‍ ഫുക്രുവായി അവതരിക്കുന്ന കൃഷന്‍ജീവാണ് ബിഗ് ബോസ് ഹൗസിലെ മറ്റൊരു അവതാരം.

7) രേഷ്മ നായര്‍: അധികം പ്രശസ്തമല്ലാത്ത ഹൗസിലെ വ്യക്തിയാണെങ്കിലും അധ്യാപികയും, മോഡലുമായ ഇവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയുണ്ട്.

8) വീണ നായര്‍: സീരിയലുകള്‍ക്ക് പുറമെ വെള്ളിമൂങ്ങ, ആകാശഗംഗ 2 പോലുള്ള ചിത്രങ്ങളിലൂടെ സജീവമായ താരം.

9) ആര്യ: ബഡായി ബംഗ്ലാവിന്റെ ആര്യയെക്കുറിച്ച് അധികം പറയേണ്ട കാര്യമില്ലല്ലോ.

10) സോമദാസ്: പഴയ ഐഡിയ സ്റ്റാര്‍ സിംഗറിലെ സോമദാസ് തന്നെ.

11) തെസ്‌നി ഖാന്‍: കോമഡിക്ക് പഞ്ഞമില്ലാത്ത താരം ഇപ്പോള്‍ സിനിമകളില്‍ സജീവമായ ശേഷമാണ് ബിഗ് ബോസില്‍ എത്തുന്നത്.

12) പാഷാണം ഷാജി: കോമഡി സ്റ്റാര്‍സിലൂടെ മനംകവര്‍ന്ന സാജു നവോദയ ബിഗ് ബോസില്‍ എന്തൊക്കെ ഒപ്പിക്കുമെന്ന് കാത്തിരിക്കണം.

13) മഞ്ജു പത്രോസ്: മറിമായം താരമായ മഞ്ജു മലയാള സിനിമകളിലും ശ്രദ്ധേയയാണ്.

14) ഡോ. രജിത്ത് കുമാര്‍: ബിഗ് ബോസിന് മുന്‍പേ വിവാദ നായകന്‍, സ്ത്രീവിരുദ്ധനെന്ന് പഴികേട്ട കോളേജ് പ്രൊഫസര്‍ പുതിയ രൂപത്തിലാണ് ഷോയിലെത്തുന്നത്.

15) സുജോ മാത്യു: മുന്‍ മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സുജോ ഇപ്പോള്‍ മോഡലായി പ്രവര്‍ത്തിക്കുന്നു. ഒരു കുപ്പൈ കഥയില്‍ വില്ലനായും എത്തി.

16) അലസാന്‍ഡ്ര ജോണ്‍സണ്‍: മുന്‍ എയര്‍ ഹോസ്റ്റസ് കൂടിയായ അലസാന്‍ഡ്ര മോഡലാണ്.

17) സുരേഷ് കൃസ്‌ന: ബാഷ, അഭയ്, വീര പോലുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍.

ഇവരില്‍ ആരൊക്കെ എന്തൊക്കെ ട്വിസ്റ്റുകളാണ് ബിഗ് ബോസ് രണ്ടാം സീസണില്‍ കാത്തുവെയ്ക്കുകയെന്ന് കാത്തിരുന്ന് കാണാം. ചെറിയ കളിയല്ല, ഇച്ചിരി വലിയ കളി തന്നെ പ്രതീക്ഷിക്കാം.