ബെവ് ക്യൂവോ അതോ ‘ബാര്‍ ക്യൂവോ’? ടോക്കണ്‍ മുഴുവന്‍ ബാറിലേക്ക്; വിലകൂട്ടിയ സര്‍ക്കാര്‍ ബുദ്ധി തിരിച്ചടിച്ചോ?

BevQ is now a headache for Bevco

0
378

ബിവറേജസ് കോര്‍പ്പറേഷനെ നന്നാക്കാനാണ് ലോക്ക്ഡൗണിന് ഇടയിലും ബെവ് ക്യൂ ആപ്പ് പുറത്തിറക്കിയത്. മദ്യക്കച്ചവടം പോലെ വിജയകരമായ ഒരു കച്ചവടം നിന്നുപോയാല്‍ സര്‍ക്കാരിന് എത്രത്തോളം നഷ്ടമാണെന്ന് ആര്‍ക്കും ചിന്തിക്കാവുന്നതേയുള്ളൂ. ഇന്ത്യക്ക് മാതൃകയാകാന്‍ ലക്ഷ്യമിട്ട് എത്തിച്ച ബെവ് ക്യൂ പരിപാടി കുറച്ച് ദിവസം കൊണ്ട് മങ്ങിപ്പോയി.

ഉപയോക്താക്കള്‍ വ്യാപകമായ പരാതികള്‍ ഉന്നയിച്ചതോടെ സംഗതി പൊല്ലാപ്പായി. ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ തീര്‍ത്തുവരുമ്പോള്‍ പരാതിയുമായി ബെവ്‌കോ തന്നെ രംഗത്തെത്തിയിരിക്കുന്നു. ബെവ് ക്യൂ ആപ്പില്‍ ടോക്കണ്‍ എടുത്താല്‍ സംഗതി നേരെ അടുത്തുള്ള ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് പോകുന്നതിന് പകരം അടുത്തുള്ള ബാറിലേക്ക് വഴിതിരിച്ച് വിടുന്നതാണ് പ്രശ്‌നമാകുന്നത്.

ബിവറേജിന് പകരം ബാറില്‍ ക്യൂ നില്‍ക്കാനുള്ള ആപ്പാണോ ബെവ് ക്യൂ എന്നാണ് ചോദ്യം ഉയരുന്നത്. ബാറില്‍ തിരക്ക് കൂടുകയും, ഔട്ട്‌ലെറ്റില്‍ വില്‍പ്പന ഇടിയാനും കാരണമാകുന്ന ബെവ് ക്യൂ ആപ്പിന്റെ നിലവാരം തന്നെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. നിലവില്‍ പിന്‍കോഡ് വഴി ടോക്കണ്‍ എടുക്കുമ്പോള്‍ ബാറിലേക്കാണ് ആദ്യം നല്‍കുന്നത്. ബെവ്‌കോ ഔട്ട്‌ലെറ്റിന് നല്‍കിയ ശേഷമാണ് ബാറുകള്‍ക്ക് പ്രാമുഖ്യം നല്‍കേണ്ടതെന്ന ബെവ്‌കോയുടെ നിലപാടും അട്ടിമറിക്കപ്പെട്ടു.

ബാറിലേക്ക് ടോക്കണ്‍ ലഭിക്കുന്ന നല്ലൊരു ശതമാനം പേരും ഇതിന് മിനക്കെടാതെ ഉപേക്ഷിക്കുന്നു. ഞായറാഴ്ചത്തെ ലോക്ക്ഡൗണ്‍ ആസ്വദിക്കാന്‍ ജനം ശനിയാഴ്ച കുപ്പി വാങ്ങിക്കൂട്ടുമെന്ന പ്രതീക്ഷയും അസ്ഥാനത്തായതോടെയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ കലിപ്പിലായത്. ഇക്കാര്യത്തില്‍ ആപ്പ് കമ്പനിയോടും, സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ നിന്നും ബെവ്‌കോ എംഡി ജി. സ്പര്‍ജന്‍കുമാര്‍ വിശദീകരണം തേടിക്കഴിഞ്ഞു.

അങ്ങിനെ ഇപ്പൊ ഞങ്ങളെ വിറ്റ് നന്നാകേണ്ട?

മലയാളികള്‍ ഈ നിലയിലേക്ക് തീരുമാനം മാറ്റിത്തുടങ്ങിയോ എന്ന് സംശയിക്കേണ്ട ഘട്ടമാണ്. പ്രത്യേകിച്ച് ബിവറേജില്‍ നിന്നും ‘സാധനം’ ലഭിക്കുന്നതിന് പകരം ബാറുകളിലേക്ക് ഉപഭോക്താക്കളെ തള്ളിവിട്ടതാണ് പ്രധാന പ്രശ്‌നമായി മാറുന്നത്.

ഇത് ഓട്ടോമാറ്റിക്കായി സംഭവിക്കുന്നതാണെന്ന് ആപ്പുകാര്‍ വിശദീകരിക്കുമ്പോഴും ജനത്തിന് അത്ര വിശ്വാസം പോരാ. ഇതിന് പുറമെ ബാറില്‍ എത്തുന്നവര്‍ക്ക് വിലകൂടിയ മദ്യം മാത്രം വില്‍ക്കാനാണ് ശ്രമം. കൊറോണ നഷ്ടം നികത്താന്‍ 35 ശതമാനം വില്‍പ്പന നികുതി കൂടി വര്‍ദ്ധിപ്പിച്ചതോടെ ബാറിലെ ‘കേമന്‍മാരുടെ’ പേരുകേട്ട് വിയര്‍ക്കുകയാണ്.

ഇന്ത്യയില്‍ മദ്യത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിലേക്കാണ് കൊറോണയുടെ പേരില്‍ കുറച്ച് കൂടി നികുതി ചേര്‍ത്തത്. അയല്‍സംസ്ഥാനമായ കര്‍ണ്ണാടകത്തിലും നികുതി കൂട്ടിയതോടെ വില്‍പ്പന ഇടിഞ്ഞിരുന്നു. മദ്യത്തിന് ചെലവാക്കുന്ന പണം കൊണ്ട് അരിവാങ്ങാമെന്ന ബോധ്യം മലയാളിക്ക് മുളച്ച് തുടങ്ങിയോ?