കൊറോണാവൈറസ് മഹാമാരിയുടെ പ്രഭാവം ഇപ്പോഴും കുറഞ്ഞിട്ടില്ല. നാട്ടിലാണെങ്കില്‍ ദിവസേന കേസുകള്‍ കൂടി വരികയാണ്. എന്നാല്‍ ഇതിനിടയില്‍ കേരള ബിവറേജസ് കോര്പ്പറേഷന് ഇറക്കിയ ബെവ് ക്യൂ ആപ്പ് വിജയകരമായി തേരോട്ടം തുടരുകയാണ്. കൊറോണ പടരുന്നത് സംബന്ധിച്ച് ആര്‍ക്കും പരാതിയില്ല, പക്ഷെ ബെവ് ക്യൂ ആപ്പില്‍ അത് ശരിയല്ല, ഇത് ശരിയല്ല എന്നിങ്ങനെ നൂറുകൂട്ടം പരാതികള്‍ ദിവസേന പങ്കുവെയ്ക്കപ്പെടുന്നു.
കേരളത്തിലെ സര്‍ക്കാരും, ധനവകുപ്പും ഇപ്പോഴാണ് ശരിക്കുമൊന്ന് ശ്വാസം വിട്ട് തുടങ്ങിയത്. മലയാളികളുടെ മദ്യാസക്തി തകര്‍ന്നുപോയ സംസ്ഥാനത്തിന്റെ ധനവകുപ്പിനെ ശക്തിപ്പെടുത്തുമെന്ന് കുറച്ച് ദിവസം കൊണ്ട് തന്നെ തെളിഞ്ഞ് കഴിഞ്ഞു. എന്ത് കാര്യത്തിലും പരാതി മാത്രമുള്ള ധനമന്ത്രിയുടെ മുഖത്ത് ചിരി വിടര്ന്നിരിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.

കൊറോണ കാലത്ത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ഊര്‍ജ്ജസ്വലതയോടെ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. നല്ല ഭക്ഷണങ്ങള്‍ കഴിച്ച് മദ്യം ഉള്‍പ്പെടെയുള്ളവ ഒഴിവാക്കി വേണം വൈറസിനെതിരെ പോരാടാന്‍. ബിയര്‍ ആയാലും, വൈന്‍, മറ്റ് മദ്യങ്ങള്‍ എന്നിവയെ തല്ക്കാലം മാറ്റിവെയ്ക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരം.
മദ്യം അമിതമായി കഴിച്ചാല്‍ പ്രതിരോധ ശേഷി കുറയുമെന്ന് പല പഠനങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഒരു ഡ്രിങ്കും, പുരുഷന്മാര് ദിവസത്തില്‍ രണ്ട് ഡ്രിങ്കുമായി പരിമിതപ്പെടുത്തണമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരിന് ഖജനാവില്‍ പണം നിറയുന്നതിന്റെ സന്തോഷം കാണും, പക്ഷെ ജനങ്ങള്‍ക്ക് ആരോഗ്യം പോയാല്‍ കുടുംബം കണ്ണീര് കുടിക്കേണ്ടി വരും.