ഉറങ്ങാനും ഒരു ദിനം; ഉറങ്ങാന്‍ പറ്റിയ നല്ല പൊസിഷന്‍ ഇതെല്ലാം

0
627

ഉറക്കം ഇഷ്ടമല്ലാത്തവര്‍ ആരാണ്? എങ്ങിനെയെങ്കിലും ഒന്ന് കിടന്ന് ഉറങ്ങിയാല്‍ മതിയെന്നതാണ് നമ്മുടെയൊക്കെ മനസ്സിലിരുപ്പ്. പ്രണയിനികള്‍ക്ക് ഫെബ്രുവരി 14 പോലെ ഉറക്കക്കാര്‍ക്കും ഒരു ദിനമുണ്ട്, അതാണ് മാര്‍ച്ച് 15.

ഉറക്കത്തെ ആഘോഷിക്കുന്നതോടൊപ്പം ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനുമാണ് ലോക ഉറക്ക ദിനം ആചരിക്കുന്നത്. പലവിധ സാഹചര്യങ്ങള്‍ മൂലം നന്നായി ഉറക്കം ലഭിക്കാത്തവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഉറങ്ങാന്‍ മരുന്ന് വേണമെന്ന അവസ്ഥയും കൂടുന്നു.

എന്നാല്‍ ഉറങ്ങാനായി കിടക്കുന്ന പൊസിഷനുകള്‍ പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാറില്ല. നമുക്ക് സുഖകരമെന്ന് തോന്നുന്ന പൊസിഷനില്‍ ഉറങ്ങുക എന്നത് മാത്രമാണ് പതിവ് രീതി. പക്ഷെ ഇതുമൂലം കഴുത്ത്, അരക്കെട്ട്, പുറം എന്നിവിടങ്ങളില്‍ അനാവശ്യ സമ്മര്‍ദം സൃഷ്ടിക്കുകയും വിട്ടുമാറാത്ത വേദനയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യും.

മലര്‍ന്ന് കിടന്നും, ചരിഞ്ഞ് കിടന്നും ഉറങ്ങുന്നതാണ് നല്ല പൊസിഷനെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ കമിഴ്ന്ന് കിടക്കുന്നതും, ചുരുണ്ടുകൂടി കിടക്കുന്നതും ഒട്ടും ശരിയായ രീതിയുമല്ല. തലയ്ക്കും, കഴുത്തിലും, നട്ടെല്ലും വിശ്രമിക്കുന്ന രീതിയിലാണ് മലര്‍ന്ന് കിടന്നുറങ്ങേണ്ടത്.

ചരിഞ്ഞ് കിടക്കുന്നവര്‍ കാലുകള്‍ യഥാസ്ഥാനത്ത് വെയ്ക്കാന്‍ ശ്രദ്ധിക്കണം. കാലുകള്‍ താഴേക്ക് വീഴാതിരിക്കാന്‍ തലയിണ ഉപയോഗിക്കാം. കമിഴ്ന്ന് കിടന്നുറങ്ങുന്നത് നട്ടെല്ലിന്റെ വളവിനെ ബാധിക്കും. ഇത് കഴുത്തിനും ഗുണകരമല്ല. ഇത് ശീലമായവര്‍ക്ക് വയറിന്റെ ഭാഗത്ത് തലയിണ ഉപയോഗിക്കാം. ഗര്‍ഭപാത്രത്തില്‍ ചുരുണ്ടുകൂടിയത് പോലെ കിടക്കുന്നത് ഡിസ്‌കുകള്‍ തെന്നിപ്പോകാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും.