ഗാല്‍വാന്‍ താഴ്വരയില് ചൈനീസ് സൈന്യത്തെ നെഞ്ചുവിരിച്ച് നേരിട്ടത് ഇന്ത്യന്‍ സൈന്യത്തിന്റെ ബിഹാര്‍ റെജിമെന്റാണ്. ഈ സൈനിക വിഭാഗത്തിന്റെ ധൈര്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമ്മാന്‍ഡ് യൂണിറ്റിന്റെ യുദ്ധചരിത്രം വ്യക്തമാക്കി ഒരു വീഡിയോ പുറത്തുവിട്ടു.
‘പിറന്നത് പോരാടാന്‍. അവര്‍ ചെയ്യുന്നതാണ് ചെയ്തത്. അവര്‍ വവ്വാലുകളല്ല, അവരാണ് ബാറ്റ്മാന്’, ചൈനയെ പരിഹസിക്കുന്ന തരത്തില്‍ തങ്ങളുടെ ചരിത്രം വിവരിച്ച വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
21 വര്‍ഷം മുന്‍പ് കാര്‍ഗില്‍ മലനിരകളിലെ കഥ ഓര്‍മ്മിപ്പിച്ചാണ് വീഡിയോ തുടങ്ങുന്നത്. 1857, 1948, 1965, 1971, 1999 തുടങ്ങി വര്‍ഷങ്ങളില്‍ സൈന്യത്തിനായി പ്രധാന നാഴികക്കല്ലുകള്‍ ബിഹാര്‍ റെജിമെന്റ് എഴുതിച്ചേര്‍ത്തതും ഇവിടെ വിവരിക്കുന്നു. ഗാല്‍വാന്‍ താഴ്വരയിലെ സംഭവവികാസങ്ങളെ കുറിച്ച് വീഡിയോയില്‍ പ്രതിപാദിക്കുന്നില്ല.
എന്നാല്‍ കൊല്ലപ്പെട്ട കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെ മൂന്ന് സൈനികരുടെ ചിത്രങ്ങള്‍ക്ക് ഇടംനല്‍കിയിട്ടുണ്ട്. ‘ബജ്റംഗ് ബലി കീ ജയ്’ എന്ന ബിഹാര്‍ റെജിമെന്റിന്റെ പോര്വിളിയോടെയാണ് വീഡിയോ അവസാനിക്കുന്നത്.
നോര്‍ത്തേണ്‍ കമ്മാന്‍ഡ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുള്ള വീഡിയോയില്‍ മറ്റൊരു കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു. ‘ഇന്ന് തിങ്കളാഴ്ച ആയിരിക്കാം, പക്ഷെ നാളെ ഒരു ചൊവ്വാഴ്ച ഉണ്ട്’.