ആ കുഞ്ഞ് മുഖത്തെ ‘ബാറ്റ്മാന്‍’ മറുക് നീക്കിത്തുടങ്ങി

0
407

മുഖത്ത് മറുക് ഉണ്ടാകുന്നത് ഒരു സാധാരണ കാര്യമാണ്. എന്നാല്‍ മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന തരത്തില്‍ മറുക് രൂപപ്പെട്ടാലോ? ഏഴ് മാസം പ്രായമായ മകളുടെ മുഖത്ത് നിറഞ്ഞ ‘ബാറ്റ്മാന്‍’ മാസ്‌ക് പോലെയുള്ള മറുക് നീക്കാനാണ് ആ അമ്മ വിമാനം പിടിച്ച് ലോകത്തിന്റെ മറുഭാഗത്തേക്ക് സഞ്ചരിച്ചത്.

ഫ്‌ളോറിഡയില്‍ നിന്ന് യാത്രചെയ്ത് റഷ്യയില്‍ എത്തിയാണ് ഏഴ് മാസമായ ലൂണയ്ക്ക് നൂതന ചികിത്സ ലഭ്യമാക്കിയത്. ഇതിന്റെ ആദ്യ ഭാഗമായി നെറ്റിയിലെ മറുക് അപ്രത്യക്ഷമാകുന്ന വീഡിയോ ആണ് ഇതിനകം ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. കുഞ്ഞിന്റെ മുഖത്ത് കെട്ടിയ ബാന്‍ഡേജ് സര്‍ജന്‍ ഡോ പാവെല്‍ പൊപോവ് മാറ്റുമ്പോഴാണ് വലിയ മറുകിന്റെ ഒരു ഭാഗം കാണാതാകുന്നതായി വ്യക്തമാകുന്നത്.

ഫോട്ടോഡൈനാമിക് തെറാപ്പി വഴിയുള്ള ചികിത്സയുടെ ആദ്യ പാദത്തിലാണ് ഈ അത്ഭുതകരമായ മാറ്റം. യുഎസില്‍ ലഭ്യമായ ചികിത്സകള്‍ക്ക് വിപരീതമായി ലൂണയ്ക്ക് യാതൊരു വിധത്തിലുള്ള വേദനയും ഇല്ലാതെയാണ് ഈ ചികിത്സ. മാറ്റം വ്യക്തമാക്കുന്ന മറുക് ഉള്ളതും, നീക്കം ചെയ്തതുമായ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

യുഎസിലെ സര്‍ജറി കുഞ്ഞിന്റെ മുഖത്ത് മുറിപ്പാടുകള്‍ സമ്മാനിക്കുമായിരുന്നു. റഷ്യയിലേക്ക് ചികിത്സയ്ക്കായി പോകുന്നതിനെതിരെ പലരും മുന്നറിയിപ്പ് നല്‍കിയെങ്കിലും അമ്മ കരോള്‍ മകളുമായി ഇതിന് ഇറങ്ങിത്തിരിച്ചു. ഒരു ക്രിസ്മസ് സമ്മാനം തന്നെയാണ് തങ്ങള്‍ക്ക് ഈ മാറ്റത്തിലൂടെ ലഭിച്ചതെന്ന് കരോള്‍ പ്രതികരിച്ചു. ഒന്നര വര്‍ഷം കൊണ്ടാണ് മുഖത്തെ മറുക് അപ്പാടെ നീക്കാന്‍ കഴിയുക.