ബാന്‍ഡ്-എയ്ഡ് മാറ്റര്‍; തൊലിയുടെ നിറത്തിന് അനുസരിച്ചുള്ള ബാന്‍ഡേജുമായി ബ്രാന്‍ഡ്

Band-Aid gives a Black lives matter twist to bandages

0
202

തൊലിയുടെ നിറത്തിന്റെ പേരില്‍ ലോകം മുഴുവന്‍ പ്രതിഷേധങ്ങളാണ്. അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ളോയ്ഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഈ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. ഈ ചര്‍ച്ചകളിലേക്കാണ് ബാന്‍ഡേജ് ബ്രാന്‍ഡായ ബാന്‍ഡ്-എയ്ഡ് എത്തുന്നത്.

വംശീയതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് വിവിധ നിറങ്ങളിലുള്ള ബാന്‍ഡേജുകള്‍ കമ്പനി പുറത്തിറക്കുന്ന്. ജോണ്‍സണ്‍ & ജോണ്‍സണ്‍ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പുതിയ കളക്ഷന്‍ പ്രഖ്യാപിച്ചത്. ബ്രൗണ്‍, ബ്ലാക്ക് ആളുകളുടെ ചര്‍മ്മത്തിന് അനുയോജ്യമായ നിറങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

‘ഞങ്ങള്‍ നിങ്ങളെ കേള്‍ക്കുന്നു. ഞങ്ങള്‍ നിങ്ങളെ കാണുന്നു. ഞങ്ങള്‍ നിങ്ങളെ ശ്രദ്ധിക്കുന്നു. ബ്ലാക്ക് സഹജീവനക്കാര്‍, പങ്കാളികള്‍, സമൂഹം എന്നിവരുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വംശീയതയ്ക്കും, അക്രമത്തിനും, അനീതിയ്ക്കും എതിരെ നിലയുറപ്പിക്കുന്നു. കറുത്ത വംശജര്‍ക്ക് അനുയോജ്യമായ മാറ്റങ്ങള്‍ക്കായി നടപടികള്‍ സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്’, ബാന്‍ഡ് എയ്ഡ് കുറിച്ചു.

ഇതിന്റെ ഭാഗമായാണ് വ്യത്യസ്ത ചര്‍മ്മങ്ങളുടെ സൗന്ദര്യത്തിന് അനുയോജ്യമായ ബാന്‍ഡേജുകള്‍ ലോഞ്ച് ചെയ്യുന്നതെന്ന് കമ്പനി പറയുന്നു. ബ്ലാക്ക് ലൈവ്‌സ് മാറ്ററിന് സംഭാവന നല്‍കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. 2005-ല്‍ സമാനമായ ലോഞ്ച് നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. പുതിയ അന്തരീക്ഷത്തില്‍ വീണ്ടും പരീക്ഷണത്തിന് മുതിരുകയാണ് ബാന്‍ഡ് എയ്ഡ്.