പഴം മാത്രമല്ല പഴത്തൊലിയും ശാപ്പിടാം; ഭാരം കുറയ്ക്കാം, ഉറക്കം നന്നാകും

0
368

പഴം കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവാകും. എന്നാല്‍ പഴം കഴിച്ച് കഴിഞ്ഞാല്‍ ഇതിന്റെ തൊലി ചവറ്റുകുട്ടയിലോ, വഴിയിലോ, അടുത്ത പറമ്പിലോ സ്ഥാനം പിടിക്കും. എന്നാല്‍ ഇത്തരത്തില്‍ മാലിന്യമായി മാറേണ്ട സംഗതിയല്ല പഴത്തൊലിയെന്നാണ് ഡയറ്റീഷ്യന്‍ സൂസി ബുറെല്‍ പറയുന്നത്.

പഴം കഴിക്കുന്നത് പോലെ തന്നെ പഴത്തൊലിയും കഴിക്കാമെന്ന് ഇവര്‍ പറയുന്നു. വെറുതെ വയര്‍ നിറയ്ക്കാനല്ല ഉറക്കം മെച്ചപ്പെടുത്താനും, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും, ഭാരം കുറച്ച് മെലിയാനുമെല്ലാം പഴത്തൊലി സൂപ്പര്‍ ആണത്രേ! കറിയായോ, സ്മൂത്തി ആക്കിയോ, ബേക്ക് ചെയ്‌തോ ഒക്കെ പഴത്തൊലി ഭക്ഷിക്കാം.

പോഷകങ്ങള്‍ നിറഞ്ഞ പഴത്തൊലി കഴിക്കുന്നത് വഴി ഡയറ്ററി ഫൈബറും ഉള്ളിലെത്തും. ഈ ഫൈബറാണ് ഭാരം കുറയാന്‍ സഹായിക്കുന്നത്. കൂടാതെ 20 ശതമാനം അധികം വൈറ്റമിന്‍ ബി6, വൈറ്റമിന്‍ സി, പൊട്ടാഷ്യം, മഗ്നീഷ്യം എന്നിവയും ലഭിക്കും. പഴത്തൊലി വെറുതെ കടിച്ച് തിന്നുന്നത് ദുഷ്‌കരമാണ്, ഡയറ്റീഷ്യന്‍ ഈ രീതിയെ തുണയ്ക്കുന്നുമില്ല.

ഇതിന് പകരം പാകം ചെയ്ത് മൃദുലമാക്കി കഴിക്കുന്നത് വഴി പോഷകങ്ങള്‍ എളുപ്പത്തില്‍ സ്വാംശീകരിക്കപ്പെടും. മഞ്ഞ നിറത്തിലുള്ള വാഴപ്പഴത്തിന്റെ കൊലിയില്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആന്റിഓക്‌സിഡന്റുകള്‍ ഏറെയാണെന്ന് സൂസി പറയുന്നു. പച്ച നിറമുള്ള തൊലിയാണെങ്കില്‍ അമിനോ ആസിഡ് ട്രിപ്‌ടോഫാന്‍ കൂടുതലുണ്ട്, ഇതിന് ഉറക്കവുമായി ബന്ധമുണ്ട്.

പച്ച നിറത്തിലുള്ള തൊലിയാണെങ്കില്‍ ആമാശയത്തിന്റെ ആരോഗ്യവും മെച്ചപ്പെടും. ദിവസത്തില്‍ ഒരു പഴം വീതം കഴിക്കുന്നവര്‍ക്ക് സ്‌ട്രോക്കില്‍ നിന്നും രക്ഷനേടാമെന്ന് മുന്‍പ് പഠനങ്ങളും വന്നിട്ടുണ്ട്.