ചേതക്, ബജാജ് ഓട്ടോ ലിമിറ്റഡിനെ ഇന്ത്യയില്‍ ‘ഹമാര ബജാജ്’ ആക്കിമാറ്റിയ സ്കൂട്ടര്‍. 2009-ല്‍ പരമ്പരാഗത സ്കൂട്ടര്‍ നിര്‍മ്മാണം നിര്‍ത്തിയ ബജാജ് പിന്നീട് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണത്തിലാണ് ശ്രദ്ധിച്ചത്. സ്കൂട്ടര്‍ വിപണിയില്‍ ഒരു രണ്ടാം ഇന്നിംഗ്സിന് ബജാജ് എത്തുകയാണ്, ആ പഴയ പേരുമായി.
അതെ, ചേതക് സ്കൂട്ടറുകള് വീണ്ടുമെത്തുന്നു. പക്ഷെ ഇക്കുറി ഇത് ഇലക്ട്രിക് സ്കൂട്ടറുകളുടെ രൂപത്തിലാണ്. രണ്ട് വേരിയന്റുകളില്‍ എത്തുന്ന പുതിയ ചേതക് 85 കിലോമീറ്റര്‍ മുതല്‍ 95 കിലോമീറ്റര്‍ വരെ പ്രദാനം ചെയ്യും. 2020 ജനുവരി മുതല്‍ ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറുകള് വില്‍പ്പനയ്ക്കെത്തും. അടുത്ത വര്‍ഷം യൂറോപ്യന്‍ മാര്‍ക്കറ്റുകളിലേക്കും ചേതക് സഞ്ചരിക്കും.

ഐപി67 റേറ്റഡ് ലിതിയം അയോണ്‍ ബാറ്ററികള്‍ ഉപയോഗിക്കുന്ന ചേതകില്‍ ഇക്കോ, സ്പോര്‍ട്ട് മോഡുകളുണ്ട്. ആറ് നിറങ്ങളിലാണ് ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ എത്തുക. ആദ്യം പൂനെയിലും പിന്നീട് ബെംഗളൂരുവിലേക്കും വില്‍പ്പന വ്യാപിപ്പിക്കും.
അതേസമയം ആദ്യ ദിനം മുതല്‍ വില അത്ര ലാഭകരമാകില്ലെന്ന് ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് ഓര്‍മ്മിപ്പിക്കുന്നുണ്ട്. പുതിയ ബജാജ് ചേതകിന്റെ വിലവിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.