കണ്ണില്ലാതെ പിറന്ന കുഞ്ഞിനെ അമ്മ ഉപേക്ഷിച്ചു; സ്‌നേഹം നല്‍കിവളര്‍ത്താന്‍ ഇവന് ഒരു പുതിയ കുടുംബം വേണം

  0
  265

  തന്നെ സ്‌നേഹിക്കാന്‍ ഒരു കുടുംബത്തിനായി കാത്തിരുന്ന് ഒരു ആണ്‍കുഞ്ഞ്. കണ്ണില്ലാതെ പിറന്നതോടെ ചെറുപ്പക്കാരിയായ അമ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞ് അലക്‌സാണ്ടറിനെ സാഷ എന്നാണ് വിളിക്കുന്നത്. ആരോഗ്യത്തിന് മറ്റ് കുഴപ്പങ്ങളില്ലെങ്കിലും അപൂര്‍വ്വമായ അവസ്ഥ മൂലം കാഴ്ച ഒരിക്കലും തിരികെ കിട്ടില്ല. ലോകത്തില്‍ മറ്റ് രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് ഈ അവസ്ഥയുള്ളത്.

  റഷ്യയിലെ അനാഥാലയത്തില്‍ വളര്‍ന്ന കുഞ്ഞിന്റെ അമ്മ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ തന്നെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. കുഞ്ഞിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന ആത്മവിശ്വാസം അവര്‍ക്ക് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സൈബീരിയന്‍ നഗരമായ ടോംസ്‌കിലെ ഒരു നഴ്‌സാണ് ആറ് മാസം പ്രായമായ കുഞ്ഞിനെ പരിചരിക്കുന്നത്.

  ‘മറ്റ് കുട്ടികളെ പോലെ എപ്പോഴും ചിരിച്ച്, കളിച്ച് ആരോഗ്യത്തോടെയാണ് അവന്‍ കഴിയുന്നത്. കളിക്കാനും, നീന്താനും ഇഷ്ടമാണ്’, നഴ്‌സ് പറഞ്ഞു. ഈ അവസ്ഥയോടെ ജനിക്കുന്ന കുട്ടികള്‍ക്ക് മറ്റ് നിരവധി സങ്കീര്‍ണ്ണ പ്രശ്‌നങ്ങളും കാണാറുണ്ട്. എന്നാല്‍ സാഷയെ ഇത് ബാധിച്ചിട്ടില്ലെന്നതാണ് സവിശേഷത.

  സാഷയുടെ നെറ്റിയില്‍ രണ്ട് മുഴകള്‍ ഉള്ളത് ഉടന്‍ നീക്കം ചെയ്യും. അപൂര്‍വ്വമായ എസ്ഒഎക്‌സ്2 അനോഫ്താല്‍മിയ സിന്‍ഡ്രോമാണ് കുഞ്ഞിന് ബാധിച്ചിരിക്കുന്നത്. നേത്രഗോളം അപ്പാടെ ഇല്ലാതെ പിറന്ന ലോകത്തിലെ മൂന്നാമത്തെ കുട്ടിയാണ് സാഷ. കുട്ടിയുടെ പിതാവിന്റെ പേര് അമ്മ രേഖപ്പെടുത്തിയിരുന്നില്ല. കുട്ടിയെ വേണ്ടെന്ന് ഇവര്‍ എഴുതി നല്‍കിയതിനാല്‍ ദത്ത് നല്‍കുകയോ, ഫോസ്റ്റര്‍ കെയറിന് വിടുകയോ ആണ് അധികൃതര്‍ക്ക് മുന്നിലുള്ള മാര്‍ഗ്ഗം.