രാജമൗലി ഇതിഹാസം രചിച്ചിട്ട് 3 വര്‍ഷം; ബോളിവുഡിനെ നാണിപ്പിച്ച ബാഹുബലി 2

Baahubali, the epic from Rajamouli celebrating 3 years

0
295

2017 ഏപ്രില്‍ 28. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ കുറിച്ചുവെയ്‌ക്കേണ്ട ഒരു ദിവസമാണത്. ബോളിവുഡ് തെന്നിന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ വഴിമാറേണ്ട വന്ന ദിവസം. എസ്എസ് രാജമൗലി എന്ന സംവിധായകന്റെ നേതൃത്വത്തില്‍ ഒരുക്കിയ ബാഹുബലി 2 തീയേറ്ററുകളില്‍ വെടിക്കെട്ട് തീര്‍ത്തത് ആ ദിവസമാണ്. ബാഹുബലി 2ന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ അമരേന്ദ്ര ബാഹുബലിയും, ഭല്ലാദേവയും, കട്ടപ്പയുമെല്ലാം ഒരുവട്ടം കൂടി മനസ്സിലേക്ക് എത്തുകയാണ്.

2015 മുതല്‍ 2017 വരെ പ്രഭാസ് ജീവിച്ചത് ബാഹുബലിയായിട്ടാണെന്ന് പറഞ്ഞാല്‍ അധികമാകില്ല. ആ അധ്വാനത്തിന്റെ ഫലമാണ് ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിച്ചത്. എസ്എസ് രാജമൗലി എന്ന സംവിധായകന്‍ വെള്ളിത്തിരയില്‍ രചിച്ചത് ഇതിഹാസമായിരുന്നു. ബോക്‌സ് ഓഫീസിലും, സിനിമാ പ്രേമികളുടെയും മനസ്സുകളില്‍ ഇടംപിടിച്ച ബാഹുബലി 2 കടന്നെത്തിയിട്ട് 3 വര്‍ഷം പിന്നിടുകയാണെന്ന് ചിന്തിക്കുക അസാധ്യം.

ഇന്ത്യന്‍ സിനിമ സ്വപ്‌നം പോലും കാണാത്ത അക്കങ്ങള്‍ അക്കൗണ്ടില്‍ വീഴ്ത്തിയത് ഒരു തെലുങ്ക് സിനിമയാണെന്ന് കൂടി ചിന്തിക്കുമ്പോഴാണ് ആ വിജയത്തിന്റെ ഉയരം തിരിച്ചറിയുക. തെലുങ്കിലും, തമിഴിലും ചിത്രീകരിച്ച് വന്‍വിജയമായ ബാഹുബലി ഹിന്ദിയിലും, മലയാളത്തിലും മൊഴിമാറ്റി എത്തി. ഇതോടെ ഇന്ത്യ മുഴുവന്‍ തരംഗമായി മാറിയ ചിത്രം ഹിന്ദിയില്‍ സൃഷ്ടിച്ച റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെടാതെ നിലനില്‍ക്കുന്നു. ഹിന്ദിയില്‍ രണ്ടാം ദിനത്തില്‍ 50 കോടി നേടിയ ബാഹുബലി 2 മൂന്നാം ദിവസം 100 കോടിയിലേക്ക് കുതിച്ച കാഴ്ച ബോളിവുഡിലെ മുടിചൂടാമന്നന്‍മാരെ പോലും അമ്പരപ്പിച്ചു. 34-ാം ദിവസത്തില്‍ 500 കോടി കളക്ഷനും പൂര്‍ത്തിയാക്കി.

1796.56 കോടി രൂപയാണ് ചിത്രം വിവിധ ഭാഷകളില്‍ നിന്നായി ലോകത്ത് നിന്ന് കളക്ട് ചെയ്തത്. വരുമാനം നേടിയെന്നതിനേക്കാള്‍ ഉപരിയായി ഇന്ത്യന്‍ സിനിമയിലും ഇത്തരം കഥാപാത്ര സൃഷ്ടികളും, ചലച്ചിത്രങ്ങളും സാധ്യമാണെന്ന് ഒരു പ്രാദേശിക സംവിധായകന്‍ ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുന്നിടത്താണ് സവിശേഷത പൂര്‍ണ്ണമാകുന്നത്.