ലോകത്ത് വിശന്ന് ജീവിക്കുന്ന 820 മില്ല്യണ്‍ ജനങ്ങള്‍ ഉള്ളപ്പോഴാണ് വാരിവലിച്ച് തിന്ന് സ്വയം നശിപ്പിക്കുന്ന ഒരു വലിയ സമൂഹം ഇവിടെയുള്ളതെന്ന് ചൂണ്ടിക്കാണിച്ച് പോപ്പ് ഫ്രാന്‍സിസ്. ലോക ഭക്ഷ്യ ദിനത്തോട് ബന്ധപ്പെടുത്തിയാണ് ഭക്ഷണം ചിലര്‍ സ്വയം നശിക്കാനും ഉപയോഗിക്കുന്നതായി അഭിപ്രായപ്പെട്ടത്.
ഭക്ഷണവും, പോഷകവും തമ്മിലുള്ള ബന്ധത്തില്‍ വ്യതിചലനം ഉണ്ടായതോടെ 700 മില്ല്യണ്‍ ജനങ്ങളാണ് അമിതഭാരവുമായി ലോകത്ത് ജീവിക്കുന്നതെന്ന് പോപ്പ് പറഞ്ഞു. ഇവര്‍ തെറ്റായ ഭക്ഷണ ശീലങ്ങളുടെ ഇരകളാണ്. നിലനില്‍പ്പിനുള്ള വഴിയെന്നത് മതിയാക്കി ഭക്ഷണം വ്യക്തിയുടെ നാശത്തിനായി വിനിയോഗിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്, യുഎന്‍ ഭക്ഷ്യ കാര്‍ഷിക സംഘടനയ്ക്ക് നല്കിയ സന്ദേശത്തില്‍ പോപ്പ് വ്യക്തമാക്കി.
അമിതഭക്ഷണം മൂലം പ്രമേഹവും, ഹൃദ്രോഗങ്ങളും ആളുകളെ തേടിയെത്തുന്നു. ഇതിന് പുറമെ മനഃപ്പൂര്‍വ്വം ആവശ്യത്തിന് ഭക്ഷണം കഴിക്കാതെ അനോറെക്സിയയും, മറ്റ് അവസ്ഥകളും നേരിടുന്നു. ഇത്തരം രീതികള്‍ സമൂഹത്തില്‍ വിശപ്പ് കൂട്ടാനും, സാമൂഹിക അസമത്വത്തിനും ഇടയാക്കും, അദ്ദേഹം പറഞ്ഞു.
എല്ലാവര്ക്കും ഭക്ഷണമുണ്ട്, പക്ഷെ അത് എല്ലാവരിലേക്കും എത്തുന്നില്ലെന്നത് ക്രൂരമായ അവസ്ഥയാണ്. ചിലര്‍ ഭക്ഷണം പാഴാക്കുകയും, അമിതമായി ഭക്ഷിക്കുകയും ചെയ്യുന്നു, പോപ്പ് ഓര്‍മ്മിപ്പിച്ചു.