ക്രിക്കറ്റ് കളിക്കാര്‍ക്ക് കുടിവെള്ളവുമായി മൈതാനത്ത് പ്രധാനമന്ത്രി; കൈയടി

0
280

ക്രിക്കറ്റ് മത്സരത്തിനിടെ കളിക്കളത്തില്‍ വെള്ളം നിറച്ച കുപ്പികളുമായി എത്തുന്നവരെ നമ്മള്‍ കാണാറുണ്ട്. ജൂനിയര്‍ താരങ്ങളാണ് വെള്ളക്കുപ്പികളുമായി മൈതാനത്തേക്ക് ഓടിയെത്താറുള്ളത്. സീനിയര്‍ താരങ്ങള്‍ അത്തരമൊരു ഉദ്യമത്തിന് ഇറങ്ങുന്നത് തന്നെ ചുരുക്കം. അങ്ങിനെയുള്ളപ്പോള്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി വെള്ളക്കുപ്പിയുമായി കളത്തിലിറങ്ങിയാലോ, വിശ്വസിക്കാന്‍ പ്രയാസം!

ഓസ്‌ട്രേലിയയില്‍ മൂന്ന് മത്സരങ്ങളുള്ള ടി20 അന്താരാഷ്ട്ര പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ശ്രീലങ്ക. ആദ്യ മത്സരം ഞായറാഴ്ച അഡ്‌ലെയ്ഡില്‍ നടക്കും. ഇതിന് മുന്നോടിയായി കാന്‍ബെറയില്‍ വ്യാഴാഴ്ച ഒരു സന്നാഹമത്സരം സംഘടിപ്പിച്ചു. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന് എതിരെയായിരുന്നു ലങ്ക ഒരുക്കത്തിന് ഇറങ്ങിയത്.

മത്സരത്തിനിടെ ദാസുന്‍ ശനകയെ ഡാനിയല്‍ ഫാളിന്‍സ് വീഴ്ത്തിയതിന് പിന്നാലെയാണ് ഒരാള്‍ വെള്ളക്കുപ്പികളുമായി മൈതാനത്തേക്ക് ഓടിയെത്തിയത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് തന്റെ ടീമിന് കുടിവെള്ളം നല്‍കാന്‍ ഇറങ്ങിയത്.

നിമിഷനേരം കൊണ്ട് ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ലോകത്തിലെ ക്രിക്കറ്റ് ആരാധകര്‍ പ്രധാനമന്ത്രിയുടെ പെരുമാറ്റത്തിന് കൈയടിക്കുകയും ചെയ്തു.