പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നടന് ബിനീഷ് ബാസ്റ്റിയനെ അപമാനിച്ച സംഭവത്തില്‍ സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന് മേലുള്ള കുരുക്ക് മുറുകുന്നു. ബിനീഷിനെ പോലൊരാള്‍ക്കൊപ്പം വേദി പങ്കിടാന്‍ സാധിക്കില്ലെന്ന് സംവിധായകന് പറഞ്ഞതായി കോളേജ് യൂണിയന് ചെയര്മാന് വ്യക്തമാക്കിയതിന് പിന്നാലെ അനിലിനെ ബിനീഷ് പുകഴ്ത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഇതോടെ സംവിധായകനും, ബിനീഷ് ബാസ്റ്റിയനും തമ്മിലുള്ള പ്രശ്നം ഒത്തുതീര്‍പ്പായെന്ന വിധത്തിലേക്ക് പ്രചരണങ്ങള്‍ എത്തുകയും ചെയ്തു. അനില്‍ താന്‍ ബഹുമാനിക്കുന്ന സംവിധായകനാണെന്നാണ് ബിനീഷിന്റെ വാക്കുകള്‍. എന്നാല്‍ ഈ വീഡിയോ ഏറെ പഴയതാണെന്ന് വെളിപ്പെടുത്തി ബിനീഷ് ലൈവ് പോസ്റ്റ് ചെയ്തതോടെ കഥയില്‍ വീണ്ടും ട്വിസ്റ്റായി.
അനില്‍ രാധാകൃഷ്ണ മേനോന് അവസരം ഓഫര്‍ ചെയ്താല്‍ ഉടനെ താന്‍ അതിലേക്ക് എടുത്ത് ചാടാന്‍ പോകില്ലെന്ന് ബിനീഷ് വ്യക്തമാക്കി. തന്നെ പിന്തുണയ്ക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. അവരുടെ വാക്ക് കേട്ടായിരിക്കും തീരുമാനം. അനില്‍ രാധാകൃഷ്ണനെ ഉപദ്രവിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാലും താനൊരു മൂന്നാംകിട അഭിനേതാവായത് കൊണ്ട് ഒപ്പം ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതിന്റെ കാരണം ഒന്നറിയണം, അത്രമാത്രം, ബിനീഷ് വീഡിയോയില്‍ പറയുന്നു.
ഒരു ഭാഗത്ത് നിന്നും സംവിധായകന് പിന്തുണ ലഭിക്കുന്നില്ലെന്ന് ഇരിക്കെയാണ് ബിനീഷ് തന്നെ അനിലിനെ പുകഴ്ത്തുന്ന വീഡിയോ പുറത്തുവന്നത്.