അനില്‍ രാധാകൃഷ്ണ മേനോന്‍ Vs ബിനീഷ് ബാസ്റ്റിന്‍; ജാതി പറഞ്ഞില്ല എന്നിട്ടും ജാതിപ്രശ്‌നമാക്കിയത് ആര്?

0
249

നെഗറ്റീവ് പബ്ലിസിറ്റിയും ഒരു പബ്ലിസിറ്റി ആണെന്ന് അറിയാത്തവര്‍ ഇന്നത്തെ കാലത്ത് കുറവാണെന്നാണ് കരുതുന്നത്. ഒരു യുട്യൂബ് വീഡിയോ ട്രെന്‍ഡിംഗില്‍ എത്താന്‍ കൂടുതല്‍ പേര്‍ ഡിസ്‌ലൈക് അടിച്ചാലും ധാരാളം, ഒരു അഡാര്‍ ലൗവിന്റെ അണിയറക്കാര്‍ ഇത് തെളിയിച്ചിട്ടുണ്ട്.

ആളുകള്‍ വെറുക്കുന്നുവെന്ന് പറഞ്ഞാലും കച്ചവടമാക്കുന്നതാണ് കാലം. ഓണ്‍ലൈന്‍ ലോകം ഇതിനുള്ള അവസരം നല്‍കുകയും, മാധ്യമങ്ങള്‍ ഇത് ഏറ്റെടുത്ത് വിശാലമാക്കി കൊടുക്കുകയും ചെയ്യും. ട്രോള്‍ വാഴുന്ന കാലത്ത് മാധ്യമങ്ങള്‍ പോലും ആ ട്രോള്‍ സംസ്‌കാരം കാത്തുസൂക്ഷിക്കും. അട്ടപ്പാടിയിലെ ജനങ്ങളുടെ അവസ്ഥ സൊമാലിയയേക്കാള്‍ കഷ്ടമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചപ്പോള്‍ കേരളത്തെ സൊമാലിയ ആക്കിയെന്ന് കരഞ്ഞുവിളിച്ച് ട്രോളെടുത്തത് ആരും മറന്നുകാണില്ല.

ശരിയാണോ, തെറ്റാണോ, എന്തെങ്കിലും വാസ്തവം ഉണ്ടോ എന്നൊന്നും നോക്കാതെ ഓണ്‍ലൈന്‍ വിചാരണ ആരംഭിക്കും, ട്രെന്‍ഡ് ഇതാണെന്ന് അറിയുമ്പോള്‍ മാധ്യമങ്ങളും പിന്നാലെ കൂടും. യഥാര്‍ത്ഥത്തില്‍ വൈറലാകുന്ന വാര്‍ത്തകള്‍ക്ക് മാത്രമേ ഇപ്പോള്‍ പ്രാധാന്യമുള്ളൂ, വൈറലായില്ലെങ്കില്‍ എത്ര പ്രധാനപ്പെട്ട കാര്യവും എഴുതിത്തള്ളും.

പാലക്കാട് കോളേജിലെ യൂണിയന്‍ ഭാരവാഹികളുടെ നേതൃപാടവത്തിലെ കുറവാണ് അനില്‍ രാധാകൃഷ്ണ മേനോനെ പ്രതിയാക്കി ബിനീഷ് ബാസ്റ്റ്യന്‍ എന്ന യുവനടനെ താരമാക്കിയതെന്ന് എല്ലാവര്‍ക്കും അറിയാം. എന്റെ പേരില്‍ മേനോന്‍ ഇല്ലെന്ന് പറഞ്ഞ് വേദിയിലെത്തിയ ബിനീഷാണ് ജാതി ചര്‍ച്ച ആദ്യമായി മുന്നോട്ട് വെച്ചതെന്നും വ്യക്തം.

ജാതിയും, മതവും നോക്കിയാണ് ഓരോ തെരഞ്ഞെടുപ്പിലും നമ്മുടെ നാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്നത്. ‘ഞമ്മന്റെ സ്ഥാനാര്‍ത്ഥി’ എന്ന ലേബല്‍ കൊടുത്ത് ജാതി, മതരീതികളെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ ഘോരഘോരം ഈ വിഷയത്തില്‍ പ്രസംഗിക്കുന്നത് കേള്‍ക്കുമ്പോള്‍ ലവലേശം നാണം കാണിക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.

ജാതിയും, മതവുമൊക്കെ ഇന്നും കേരളത്തില്‍ പ്രശ്‌നമായി തുടരുന്നുവെന്നത് സത്യം തന്നെയാണ്, പുറത്തുകാണിക്കുന്നില്ലെങ്കിലും മനസ്സില്‍ ആഴത്തില്‍ ഇത് സത്യമായി ബാക്കിയുണ്ട്. അത് ഒഴിവാക്കിയിട്ട് അനില്‍ രാധാകൃഷ്ണ മേനോനിലെ ‘മേനോനെ’ അക്രമിക്കാമെന്നാണ് ഒരു ഇത്!