അമേഠിയില്‍ രാഹുല്‍ കല്ലിട്ടു; പക്ഷെ ആയുധ നിര്‍മ്മാണ കമ്പനിയില്‍ ഉത്പാദനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് മോദി

0
262

രാജ്യത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ സ്വന്തം തലയും, പേരും പ്രത്യക്ഷപ്പെടണമെന്നത് ഏതൊരു രാഷ്ട്രീയക്കാരനെയും സംബന്ധിച്ച് സുപ്രധാനമാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ അമേഠിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോര്‍വയിലെ ആയുധനിര്‍മ്മാണ ഫാക്ടറിയില്‍ ഇന്തോ-റഷ്യന്‍ സംയുക്ത സംരംഭമായി എകെ-203 റൈഫിളുകള്‍ ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുകയുന്നത്.

അമേഠിയില്‍ പോയി താങ്കള്‍ പറഞ്ഞതെല്ലാം നുണയാണ്, നാണമില്ലേ താങ്കള്‍ക്ക്?, ഇതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. അമേഠിയിലെ ആയുധ കമ്പനിയെക്കുറിച്ച് പ്രധാനമന്ത്രി നുണ പറഞ്ഞെന്നും താന്‍ 2010-ല്‍ തറക്കല്ലിട്ട കമ്പനി വര്‍ഷങ്ങളായി ചെറുകിട ആയുധങ്ങള്‍ നിര്‍മ്മിക്കുകയാണെന്നുമാണ് രാഹുല്‍ അവകാശപ്പെട്ടത്.

പക്ഷെ സത്യം ഇതാണ്. രാഹുല്‍ ഗാന്ധി തറക്കല്ലിട്ടെന്നത് സത്യമാണ്. അത് 2007-ലാണ്. കമ്പനിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ആയുധ നിര്‍മ്മാണം ആരംഭിക്കാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. ഇക്കാര്യം പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

‘2007-ല്‍ അമേഠി എംപി ഫാക്ടറിയുടെ തറക്കല്ലിട്ടു. 2010ല്‍ നിര്‍മ്മാണം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പദ്ധതിക്ക് സ്ഥലം നല്‍കാനോ, ഏത് ആയുധം നിര്‍മ്മിക്കുമെന്നോ തീരുമാനിക്കാന്‍ മൂന്ന് വര്‍ഷം കൊണ്ട് അന്നത്തെ സര്‍ക്കാരിന് സാധിച്ചില്ല. ഫാക്ടറിയുടെ കെട്ടിടം പണി തുടങ്ങാന്‍ 2013 ആയി. ഇതിന് ശേഷം ആയുധ നിര്‍മ്മാണം തുടങ്ങിയെങ്കിലും ആധുനിക റൈഫിളുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നത് ഇപ്പോഴാണ്’, പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

2011-ലെ സിഎജി റിപ്പോര്‍ട്ടും ഇക്കാര്യം സ്ഥിരീകരിക്കുന്നു. യഥാര്‍ത്ഥത്തില്‍ സത്യം പറഞ്ഞ പ്രധാനമന്ത്രി മോദിയോടാണ് രാഹുല്‍ ഗാന്ധി നുണ പറഞ്ഞെന്നും നാണമുണ്ടോയെന്നും ചോദിച്ചത്.