ലോകത്തിലെ ഏറ്റവും വലിയ ധനികന് ആരെന്ന് ചോദിച്ചാല്‍ ആരും ചാടി ഉത്തരം പറയും, ജെഫ് ബെസോസെന്ന്. 27 വര്‍ഷം മുന്‍പ് ബെസോസ് സ്ഥാപിച്ച ആമസോണിന്റെ വളര്ച്ചയ്ക്കൊപ്പമാണ് അദ്ദേഹത്തിന്റെ സമ്പാദ്യവും വളര്‍ന്നത്. എക്കാലത്തെയും വിജയിച്ച കമ്പനികളില്‍ ഒന്നായി ഈ സമയം കൊണ്ട് ആമസോണ്‍ മാറിക്കഴിഞ്ഞു. മുന്‍ ഭാര്യക്കൊപ്പം സ്ഥാപിച്ച കമ്പനിയുടെ മൂല്യം 1.7 ട്രില്ല്യണ്‍ ഡോളറാണ്.
ആമസോണിലെ ജീവനക്കാര്‍ക്ക് ബെസോസിന്റെ ‘സര്‍പ്രൈസ്’
തന്റെ കമ്പനിയിലെ 1.3 മില്ല്യണ്‍ ജീവനക്കാരെ കത്ത് വഴിയാണ് 57-കാരനായ ബെസോസ് താന്‍ സിഇഒ പദവി ഒഴിയുന്നതായി അറിയിച്ചത്. വിരമിക്കുന്നില്ലെന്നും, എന്നാല്‍ ബഹിരാകാശ ഗവേഷണവും, കാലാവസ്ഥാ വ്യതിയാനവും പോലുള്ള തനിക്കേറെ ഇഷ്ടമുള്ള വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റുകയാണെന്നും ബെസോസ് വ്യക്തമാക്കി.

ആമസോണിന്റെ ക്ലൗഡ് ബിസിനസ്സ് സാമ്രാജ്യമായ ആമസോണ്‍ വെബ് സര്‍വ്വീസസിന്റെ സിഇഒ 53-കാരന് ആന്‍ഡി ജാസിയാണ് ബെസോസിന്റെ പിന്‍ഗാമിയായി കസേരയില്‍ കയറിയിരിക്കാന്‍ ഒരുങ്ങുന്നത്. 24 വര്‍ഷമായി ജാസി കമ്പനിയ്ക്കൊപ്പമുണ്ട്. എക്സിക്യൂട്ടീവ് ചെയര്‍ പദവിയിലേക്കാണ് ബെസോസ് മാറുന്നത്.
കുടുസ്സ് മുറിയും, ചുവരിലെ സ്പ്രേ പെയിന്റും
സിഇഒ പദവി ഒഴിയുന്നതായി അറിയിക്കുന്ന കത്തില്‍ ജെഫ് ബെസോസ് പറയുന്ന ഒരു കാര്യമുണ്ട്. ‘ആമസോണ്‍ എന്നത് വെറുമൊരു ഐഡിയ മാത്രമായിരുന്നു, ഈ പേര് പോലും ഉണ്ടായില്ല. എന്താണ് ഇന്റര്‍നെറ്റ് എന്നാണ് അക്കാലത്ത് ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യം’, ബെസോസ് പറയുന്നു. കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ നടത്താനും, ഐഡിയ വെറും ഭ്രാന്താണെന്ന പേരില്‍ മാറ്റിവയ്ക്കരുതെന്നുമാണ് ഇദ്ദേഹം ജീവനക്കാര്‍ക്ക് നല്കുന്ന ഉപദേശം.

1994ല്‍ ഇത്തരമൊരു ഭ്രാന്തന് ഐഡിയയ്ക്ക് പിന്നാലെയാണ് ബെസോസ് യാത്ര തുടങ്ങിയത്. മുന്‍ ഭാര്യ മക്കെന്സിക്കൊപ്പം റോഡില്‍ സഞ്ചരിക്കുമ്പോള്‍ തോന്നിയ ചിന്തയാണ് 188 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ധനികനായി ബെസോസിനെ മാറ്റിയത്.
ബുക്ക് വില്‍പ്പനയിലൂടെ തുടക്കം
ഭര്‍ത്താവിന്റെ ഐഡിയയ്ക്കൊപ്പമാണ് മക്കെന്‍സി നിന്നത്. ആമസോണിലെ ആദ്യകാല ജീവനക്കാരില്‍ ഒരാള്‍ കൂടിയായ അവര്‍ അക്കൗണ്ടന്റായിരുന്നു. ബുക്ക് വില്‍പ്പന ഓണ്‍ലൈന്‍ വഴി നടത്തിയ ആമസോണ്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണിയാണ്.
2019 ജനുവരിയില്‍ ബെസോസും, മക്കെന്‍സിയും 25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വേര്‍പിരിഞ്ഞിരുന്നു. വിവാഹമോചനത്തിലൂടെ ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയെന്ന പദവി മക്കെന്‍സിക്ക് ലഭിച്ചു.
വാഷിംഗ്ടണിലെ ബെല്ലെവ്യൂവില്‍ വാടക വീട്ടിലെ ഗ്യാരേജിലാണ് ആമസോണ്‍ തുടങ്ങിയത്. ബെസോസിന്റെ മാതാപിതാക്കളാണ് സ്റ്റാര്‍ട്ട്അപ്പിന് ആവശ്യമായ 250,000 ഡോളര്‍ നിക്ഷേപിച്ചത്. ചുമരില്‍ സ്പ്രേ പെയിന്റ് ചെയ്ത് ആമസോണ്‍ എന്നെഴുതി വെച്ചിടത്ത് നിന്നാണ് ലോകത്തിലെ ഏറ്റവും വലിയ കമ്പനിയിലേക്ക് ജെഫ് ബെസോസും സംഘവും വളര്‍ച്ച നേടിയത്.