ഭൂമിയിലെ ധനികനെന്ന കിരീടം ആമസോണിന്റെ ബെസോസിന് നഷ്ടമായി; ബില്‍ ഗേറ്റ്‌സിന്റെ തിരിച്ചുവരവ്

0
219

2019 വര്‍ഷത്തിലെ മൂന്നാം പാദ വരുമാന കണക്കുകള്‍ പുറത്തുവിട്ട് ആമസോണ്‍. വണ്‍ ഡേ ഡെലിവെറി വിപുലമാക്കുന്നതിനായി വരുന്ന ചെലവുകളാണ് വരുമാനം കുറയാന്‍ ഇടയാക്കിയത്.

പ്രഖ്യാപനത്തിന് പിന്നാലെ ആമസോണിന്റെ ഷെയറുകള്‍ ഏഴ് ശതമാനം ഇടിഞ്ഞു. ഇതുവഴി കമ്പനി സ്ഥാപകനും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജെഫ് ബെസോസിന്റെ ലോകത്തിലെ ധനികനെന്ന കിരീടം ഊരിവീണു.

ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം 103.9 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള ബെസോസിനെ പിന്തള്ളി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് 105.7 ബില്ല്യണ്‍ ഡോളറുമായി ഒന്നാം സ്ഥാനത്തേക്ക് കയറി.

ഭൂമിയിലെ ധനികനെന്ന കിരീടം 160 ബില്ല്യണ്‍ ഡോളറുമായി കഴിഞ്ഞ വര്‍ഷമാണ് ആമസോണ്‍ സ്ഥാപകന്‍ കരസ്ഥമാക്കിയത്. രണ്ട് ദശകക്കാലം ആ പദവിയില്‍ ഇരുന്ന ഗേറ്റ്‌സിനെ പിന്തള്ളിയാണ് ആമസോണ്‍ മേധാവി പദവിയിലേക്ക് ഉയര്‍ന്നത്.

ജെഫ് ബെസോസും, മക്കെന്‍സി ബെസോസും തമ്മിലുള്ള വിവാഹമോചന കരാറിലൂടെ 36.8 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള 19.7 മില്ല്യണ്‍ ഷെയര്‍ മക്കെന്‍സിയ്ക്ക് ലഭിച്ചിരുന്നു. ഇതോടെ ലോകത്തിലെ മൂന്നാമത്തെ ധനികയായി മക്കെന്‍സി മാറുകയും ചെയ്തു.