1999-ല്‍ വിനയന്റെ സംവിധാനത്തില്‍ എത്തിയ ഹൊറര്‍ ചിത്രമായിരുന്നു ആകാശഗംഗ. അക്ഷരാര്‍ത്ഥത്തില്‍ ഹൊറര്‍ ചിത്രങ്ങളുടെ രീതി തന്നെ മാറ്റിമറിച്ച് മലയാളികളെ ഞെട്ടിച്ച ചിത്രം വമ്പന്‍ ഹിറ്റായി മാറി. ദിവ്യ ഉണ്ണി, മുകേഷ്, മയൂരി, ജഗദീഷ്, മധുപാല്‍, റിയാസ്, കലാഭവന്‍ മണി, ജഗതി, സുകുമാരി, രാജന് പി ദേവ്, എന്‍എഫ് വര്ഗ്ഗീല്, കല്‍പ്പന തുടങ്ങിയ താരങ്ങളായിരുന്നു ആകാശഗംഗയില്‍ വേഷമിട്ടത്.
ഇതിനൊരു രണ്ടാം ഭാഗം വരുന്നുവെന്ന് കേട്ടപ്പോള്‍ മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ സന്തോഷിക്കുകയും ചെയ്തു. വിനയന് സംവിധാനവും, നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ആകാശഗംഗ 2 ഇപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്. പുതിയ ചിത്രത്തില്‍ താരനിര ഗംഭീരമായി തുടരുന്നു. രമ്യാ കൃഷ്ണന്, സിദ്ദിഖ്, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, സെന്തില്‍ കൃഷ്ണ, സലിംകുമാര്‍, ധര്മ്മജന്, ഹരീഷ് കണാരന്, ഹരീഷ് പേരടി തുടങ്ങിയ താരനിരയാണ് ആകാശഗംഗ 2-ല്‍ അണിനിരക്കുന്നത്.
ആദ്യ ചിത്രത്തിലെ മയൂരി അഭിനയിച്ച കഥാപാത്രത്തെ കൂടി ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ട്രെയിലര്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ട്രെയിലര്‍ ഒരു സമ്പൂര്‍ണ്ണ ഹൊറര്‍ ചിത്രത്തിന്റെ ചേരുവകള്‍ സമ്മാനിക്കുന്നുണ്ടോയെന്ന സംശയം പലഭാഗത്ത് നിന്നും ഉയരുന്നുണ്ട്. പ്രേതത്തെ കാണിക്കുന്ന രീതി പഴയതില്‍ ഏറെ മാറിയിട്ടില്ലെന്നതാണ് ഒരു കാര്യം. ഒപ്പം ഗ്രാഫിക്സ് പ്രേതം എത്രത്തോളം മികവുറ്റതാകുമെന്ന സംശയങ്ങളുണ്ട്.
ടീസറില്‍ നിന്നും ട്രെയിലറില്‍ എത്തുമ്പോഴും ആകാശഗംഗ 2-ല്‍ എന്ത് പ്രതീക്ഷിക്കാമെന്ന സംശയം നിലനില്ക്കുന്നു. ട്രെയിലര്‍ വെച്ച് ട്രോളുകള്‍ ആരംഭിച്ച് കഴിഞ്ഞത് കൊണ്ടാകാം മില്ലേനിയം ഓഡിയോസിന്റെ യുട്ടട്യൂബ് ചാനല്‍ റിലീസ് ചെയ്ത വീഡിയോയുടെ കമന്റ് ബോക്സ് പ്രവര്‍ത്തിക്കാതെ പോയതും!