എന്തും, ഏതും ഓണ്‍ലൈന്‍ ലോകത്ത് ചര്‍ച്ചയാകും. യാതൊരു നിയന്ത്രണവും ഇല്ലാതെ വായില്‍തോന്നുന്ന അഭിപ്രായം പറയാമെന്നത് കൊണ്ട് തന്നെ വ്യക്തമായ വിവരം ഇല്ലെങ്കിലും ആളുകള്‍ സ്കോര്‍ ചെയ്യാന്‍ മത്സരിക്കും. എന്നാല്‍ 2019-ല്‍ ഇതുവരെയുള്ള ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയത് ഏതെങ്കിലും സുപ്രധാന വിഷയമല്ല, മറിച്ച് ഒരു സിനിമയാണ്.
തമിഴ് സൂപ്പര്‍താരം അജിത്തിന്റെ വിശ്വാസമാണ് ട്വിറ്ററിലും ബ്ലോക്ബസ്റ്ററായി മാറിയത്. ഈ വര്‍ഷം ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് വിശ്വാസമാണ്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമാര്ജ്ജിച്ച നിമിഷങ്ങളുടെ പട്ടികയിലാണ് വിശ്വാസം ഇടംപിടിച്ചത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ചര്‍ച്ച വിശ്വാസവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ നടന്നെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ ട്രെന്‍ഡിംഗിന്റെ വലുപ്പം മനസ്സിലാകുക. വിശ്വാസം ഒന്നാം സ്ഥാനത്തും, 2019 ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാമതും എത്തിയപ്പോള്‍ 2019 ക്രിക്കറ്റ് ലോകകപ്പ് മൂന്നാം സ്ഥാനത്തെത്തി.
നാലാം സ്ഥാനത്ത് മറ്റൊരു തെന്നിന്ത്യന്‍ താരം മഹേഷ് ബാബുവിന്റെ മഹര്‍ഷിയാണ് ചര്‍ച്ചയായത്. അഞ്ചാം സ്ഥാനത്ത് ഹാപ്പി ദീപാവലിയും എത്തി. അജിത്തിന്റെ പേരിലുള്ള നൂറു കണക്കിന് ഫാന്‍ പേജുകളാണ് ഈ നേട്ടത്തിന് പിന്നില്‍. ദിവസേന താരത്തിന്റെ ടോപ്പിക് ഉപയോഗിച്ച് ചര്‍ച്ചയ്ക്കായി പ്രയോഗിച്ചാണ് ആഗോള ട്രെന്‍ഡിനായി ശ്രമിക്കുന്നത്.