മുളകുപൊടിയില്‍ കീടനാശിനി അമിതമായ തോതില്‍ കണ്ടെത്തിയതിന് നിരോധനം ഏറ്റുവാങ്ങുന്ന ബ്രാന്‍ഡുകളുടെ പട്ടികയില്‍ കിച്ചണ്‍ ട്രഷേഴ്സും. ഈസ്റ്റേണ്‍ മുളകുപൊടി നിരോധിച്ചതിന് പിന്നാലെയാണ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിര്‍മ്മിച്ച എഎച്ച് 190479 ബാച്ചില്‍ പെട്ട സെപ്റ്റംബര്‍ 2019ന് നിര്‍മ്മിച്ച കിച്ചണ്‍ ട്രഷേഴ്സ് മുളകുപൊടിയുടെ സംഭരണം, വിതരണം, വില്‍പ്പന എന്നിവയാണ് കണ്ണൂര്‍ ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ നിരോധിച്ചത്.
വിശ്വാസം, അതല്ലേ എല്ലാം
ഈസ്റ്റേണ്‍ മുളകുപൊടി നിരോധനം പ്രമുഖ മാധ്യമങ്ങളൊന്നും വാര്ത്തയാക്കിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇതിന് പിന്നാലെയാണ് കിച്ചണ്‍ ട്രഷേഴ്സ് മുളകുപൊടിക്കും നിരോധനം വരുന്നത്.
മഞ്ജു വാര്യര്‍ ബ്രാന്‍ഡ് അംബാസിഡറായി എത്തുന്ന കിച്ചണ്‍ ട്രഷേഴ്സിന്റെ പരസ്യവാചകം ‘ശുദ്ധമാണ് വിശ്വസിക്കാം’ എന്നതാണ്. 100% ശുദ്ധമാണെന്നും മഞ്ജു പരസ്യത്തില്‍ ഉറപ്പുനല്‍കുന്നു.
ഈസ്റ്റേണ്‍ മുളകുപൊടി നിരോധിച്ചതിന് പിന്നാലെ കേരളത്തിലെ പ്രമുഖ കറിപ്പൊടി ബ്രാന്‍ഡുകള്‍ ചേര്‍ന്ന് പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. മുളകുപൊടിയില്‍ കീടനാശിനിയുടെ അംശം കൂടാന്‍ കാരണം കര്ഷകരാണെന്നായിരുന്നു ബ്രാന്‍ഡുകളുടെ വാദം.
എന്നാല്‍ വിലകുറഞ്ഞ, എരിവ് കുറഞ്ഞ മുളക് കര്‍ഷകരില്‍ നിന്ന് വാങ്ങുകയും, ഇതിന് എരിവും, നിറവും കൂട്ടാനായി ചേര്‍ക്കുന്ന കെമിക്കലുകളും ഏറെ വിനാശകാരിയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.