കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമുഖത്തെ കാല്‍ഭാഗം മേഖലകളില്‍ സഹാറ മരുഭൂമിക്ക് സമാനമായ കൊടുചൂടിലേക്ക് നീങ്ങുമെന്ന് ശാസ്ത്രജ്ഞര്‍. 2070-ഓടെ ഈ അവസ്ഥ സംജാതമാകുമെന്നാണ് മുന്നറിയിപ്പ്. ഭൂമിയിലെ കാല്‍ഭാഗം ജനസംഖ്യയും നിലവിലെ വീടുകള്‍ വിട്ടൊഴിയുകയോ, ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ കഴിഞ്ഞുകൂടുകയോ വേണ്ടിവരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
അടുത്ത 50 വര്‍ഷക്കാലം ഗ്രീന്‍ഹൗസ് ഗ്യാസ് ബഹിര്‍ഗമനം ഉയരുന്നത് തുടര്‍ന്നാല്‍ ഈ സ്ഥിതി വന്നുചേരും. കര്‍ഷകഭൂമി ഉപയോഗശൂന്യമാകുന്നതോടെ തണുത്ത പ്രദേശങ്ങളിലേക്ക് ആളുകള്‍ കുടിയേറ്റം നടത്തേണ്ടി വരുമെന്ന് എര്ത്തര് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാവിയിലെ ആഗോള താപന ട്രെന്‍ഡുകള്‍ പ്രവചിക്കുന്ന മോഡല്‍ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്.
6000 വര്‍ഷത്തെ ചരിത്രരേഖകള്‍ പഠിച്ചാണ് അന്താരാഷ്ട്ര സംഘം മോഡല്‍ തയ്യാറാക്കിയത്. വരുന്ന ദശകങ്ങളിലും മനുഷ്യന് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗ്രീന്‍ഹൗസ് ഗ്യാസുകള്‍ പുറംതള്ളുന്നത് വര്‍ദ്ധിക്കും. ഇതോടെ ഭൂമിയിലെ 20 ശതമാനം കരപ്രദേശവും സഹാറ മരുഭൂമിയിലെ ചൂടിലേക്ക് അടുത്ത 50 വര്‍ഷം കൊണ്ട് മാറും,

ഇതോടെ ഇവിടങ്ങളിലെ ശരാശരി താപനില 29 സെല്‍ഷ്യസായി ഉയരും. ബഹിര്‍ഗമനം കൂടിയാല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുണ്ട്. ബ്രസീല്‍, പാകിസ്ഥാന്, നൈജീരിയ, സൊമാലിയ എന്നിവിടങ്ങളും ദുരിതം നേരിടും.

ഇന്ത്യയില്‍ മാത്രം 1.2 ബില്ല്യണ്‍ ജനങ്ങള്‍ ഈ അധിക ചൂടിന്റെ ദുരിതം നേരിടുമെന്ന് ഗവേഷകര്‍ പ്രവചിക്കുന്നു. സാധാരണ നിലയില്‍ തണുപ്പുള്ള കാനഡ, റഷ്യ, ആന്റാര്‍ട്ടിക് എന്നിവിടങ്ങളില്‍ താപനില ഉയര്‍ന്ന കാലാവസ്ഥ രൂപപ്പെടുമെന്നും കണ്ടെത്തിയിട്ടുണ്ട്. നെതര്‍ലാന്‍ഡ്സിലെ വാജെനിഗെന് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലായിരുന്നു പഠനം.