ഇതിന് മുന്‍പ് ഇതുപോലൊരു തിരിച്ചുവരവ് ആഘോഷമാക്കിയ സംഭവം മലയാള സിനിമയില്‍ നടന്നിരിക്കാന്‍ ഇടയില്ല. സുരേഷ് ഗോപി എന്ന ആക്ഷന്‍ കിംഗിന് ഇതുപോലൊരു ജന്മദിനം മുന്‍പ് ഉണ്ടായിരിക്കാനും ഇടയില്ല. ഒരു ദിവസം കൊണ്ട് ആക്ഷന്‍ കിംഗിന്റെ രണ്ട് അവതാരങ്ങളെ കണ്ടതിന്റെ ‘രോമാഞ്ചിഫിക്കേഷനിലാണ്’ ആരാധകര്‍.
രാവിലെ കാവല്‍, രാത്രി എസ്ജി250
‘ചാരമാണെന്ന് കരുതി ചികയാന്‍ നിക്കരുത്, കനല് കെട്ടിട്ടില്ലെങ്കില്‍ പൊള്ളും’, സിനിമാപ്രേമികള്‍ക്ക് ഏറ്റെടുക്കാന്‍ ഒരു ഡയലോഗിനൊപ്പമാണ് കാവല്‍ അണിയറക്കാര്‍ തമ്പാന്റെ മുഖം പങ്കുവെച്ചത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ മോഹന്‍ലാലാണ് ടീസര്‍ പുറത്തുവിട്ടത്.
സംഗതി തീപിടിക്കുക തന്നെ ചെയ്തു. യുട്യൂബ് ട്രെന്‍ഡിംഗ് ഒന്നാം സ്ഥാനത്താണ് കാവല്‍ ടീസര്‍. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ കൈകാര്യം ചെയ്യുന്നു. മന്‍സൂര്‍ മുത്തൂട്ടി എഡിറ്ററാണ്. രഞ്ജിന് രാജിന്റെ സംഗീതം. കാവലിന്റെ ചിത്രീകരണം ലോക്ക്ഡൗണ്‍ മൂലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
രാത്രിയില്‍ രണ്ടാം ആഘോഷം
കാവല്‍ ടീസറിന്റെ ആഘോഷത്തില്‍ നില്‍ക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന് പള്ളിപ്പെരുന്നാള് നിയന്ത്രിക്കാന്‍ എത്തിയ എസ്ഐയെ പെറുക്കിക്കൊണ്ടുപോകാന് കമ്മിറ്റി ഓഫീസില്‍ അറിയിച്ചെന്ന പ്രഖ്യാപനത്തോടെയാണ് എസ്ജി250 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ തുടങ്ങുന്നത്.
വേറിട്ട ഗെറ്റപ്പ് ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഒപ്പം മാസ്സ് പശ്ചാത്തല സംഗീതവും എത്തിയതോടെ വീണ്ടും രോമാഞ്ചിഫിക്കേഷന്‍.
മാത്യൂസ് തോമസ് പ്ലാമൂട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുമ്പോള്‍ കാന്‍വാസ് അത്ര ചെറുതാകില്ലെന്ന് ഉറപ്പ്. അമല്‍ നീരദ്, ഖാലിദ് റഹ്മാന്, രഞ്ജിത്ത് ശങ്കര്‍ എന്നിവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ശേഷമാണ് മാത്യൂസ് തോമസ് സ്വതന്ത്ര സംവിധായകനായി മാറുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷ വാനോളമാണ്.