മലബാര്‍ കലാപത്തിന്റെ 100-ാം വാര്ഷികങ്ങളുടെ ഭാഗമായി വാരിയന്‍കുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വാരിയന്‍കുന്നന്റെ തിരക്കഥാകൃത്ത് സ്ഥാനത്ത് നിന്നും റമീസ് മുഹമ്മദ് പിന്മാറി. ഇദ്ദേഹത്തിന്റെ ചില മുന്‍കാല പോസ്റ്റുകള്‍ സജീവ ചര്‍ച്ചയാകുകയും, ചിത്രത്തിന് നേര്‍ക്ക് സംശയങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പിന്മാറ്റമെന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍ അറിയിച്ചു.

വാരിയന്കുന്നന് എന്ന സിനിമയ്ക്ക് നേരെ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദും കുറിച്ചു. മുന്‍കാലങ്ങളില്‍ കുറിച്ച ചില കുറിപ്പുകള്‍ തെറ്റായിരുന്നുവെന്ന് റമീസ് സമ്മതിക്കുന്നു. എന്നാല്‍ മറ്റ് ചിലത് ഇപ്പോള്‍ അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്ന് റമീസ് കൂട്ടിച്ചേര്‍ത്തു.

എന്തായാലും സിനിമയുമായി മുന്നോട്ട് തന്നെയാണെന്ന് ആഷിക് അബു പ്രഖ്യാപിച്ചിട്ടുണ്ട്.