എന്തിനേയും, ഏതിനെയും ട്രോളുന്നത് ഇന്നൊരു പുതുമയുള്ള കാര്യമല്ല. സ്വന്തം ആരോഗ്യത്തോടൊപ്പം മറ്റുള്ളവര്‍ക്കും വൈറസ് പകരാതെ സൂക്ഷിക്കാന്‍ ക്വാറന്റൈന് ചെയ്യാന്‍ തയ്യാറാകുകയും മറ്റ് നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നവരെ ലക്ഷ്യംവെച്ചാണ് കൊറോണാകാലത്തും ട്രോളന്മാരുടെ പ്രവര്‍ത്തനം.
ട്രോളുകള്‍ ആളുകള്‍ ഏറെ ശ്രദ്ധയോടെ കാണുന്ന കാലമായതിനാല്‍ ഈ കഴിവ് വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഉപയോഗിക്കുകയാണ് വേണ്ടത്. ഈ ട്രോളനും വൈറസ് പിടിപെടാത്ത സാധനമൊന്നുമല്ല.
എന്തായാലും കൊറോണയെ നേരിടാന്‍ 20 സെക്കന്‍ഡ് കൈകഴുകുകയാണ് വേണ്ടതെന്ന് ഇതിനകം പറഞ്ഞ് പഠിപ്പിച്ച് കഴിഞ്ഞു. എത്ര പേര് വൃത്തിയായി ചെയ്യുന്നുണ്ടെന്ന് ചോദിച്ചാല്‍, തമ്പുരാനറിയാം! എന്ന് മറുപടി ലഭിക്കും. ഇതോടൊപ്പം സാമൂഹികമായി അകലം പാലിക്കുക എന്ന കാര്യവും ഇപ്പോള്‍ സുപ്രധാനമായി കരുതപ്പെടുന്നു.
സ്കൂളും, ഓഫീസും, സിനിമാ തീയേറ്ററുമൊക്കെ അടച്ചിടുന്നത് ഈ അകലം പ്രോത്സാഹിപ്പിക്കാനാണ്. കൊറോണ പിടിച്ച ബ്രിട്ടീഷുകാരനൊപ്പം ടിക് ടോക് കളിച്ച ഉത്സവപ്പറമ്പിലെ ആളുകള്‍ മുഴുവന്‍ നിരീക്ഷണത്തിലാണെന്ന വാര്‍ത്ത ഇതിന് ഉദാഹരണമാണ്. ഇത്തരം അവസ്ഥ ഒഴിവാക്കി ആരോഗ്യ മേഖലയില്‍ പൊടുന്നനെ ആഘാതം സൃഷ്ടിക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഈ ആറടി നിയമം!
എല്ലാ സംവിധാനങ്ങളുമുള്ള രാജ്യങ്ങള്‍ കൊറോണയ്ക്കെതിരെ പെടാപ്പാട് പെടുമ്പോള്‍ ഇന്ത്യ പോലൊരു രാജ്യത്ത് ജാഗ്രത എത്രത്തോളം സുപ്രധാനമാണെന്നും തിരിച്ചറിയണം. അതുകൊണ്ട് 6 അടി അകലം പാലിച്ച് ഇടപെട്ടാല്‍ രോഗം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അടുത്ത വ്യക്തികളിലേക്ക് പകരുന്നത് ഒഴിവാക്കാം.