കുടുംബത്തിലെ ആറു പേര്‍ക്കും വിഷം നല്‍കിയത് ആട്ടിന്‍ സൂപ്പില്‍ ; കൂട്ട മരണങ്ങളിലെ സത്യം പുറത്തുവരുന്നു

0
199

ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് കോഴിക്കോട് കൂടത്തായിയില്‍ നിന്ന് വരുന്നത്. തുടര്‍ മരണങ്ങള്‍ സംശയകരമായപ്പോള്‍ കണ്ടെത്തിയത് നിര്‍ണ്ണായക വിവരങ്ങള്‍. കുടുംബത്തിലെ മരിച്ച ആറു പേരുടേയും മരണം ആട്ടിന്‍ സൂപ്പ് കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ചു കുഴഞ്ഞു വീണ്. മരിച്ച റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടായിരുന്നു.

2002 മുതല്‍ 2016 വരെ പൊന്നാമറ്റം കുടുംബത്തിലുണ്ടായ മരണത്തില്‍ ബന്ധുവിന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. കല്ലറ തുറന്ന് ശരീരാവശിഷ്ടങ്ങള്‍ ശേഖരിച്ചു ഡോക്ടര്‍ സംഘവും ഫോറന്‍സിക് വിദഗ്ധരും എസ്പി ഉള്‍പ്പെടെ പോലീസുമെത്തി കല്ലറ തുറന്നു പരിശോധിച്ചു. ദ്രവിച്ചു പോകാത്ത ശരീര ഭാഗങ്ങള്‍ ശേഖരിച്ചു. ഷാജുവിന്റെ ഭാര്യ സിലി, പത്തുമാസം പ്രായമായ മകള്‍ എന്നിവരുടെ മൃതദേഹമാണ് ആദ്യം പുറത്തെടുത്തത്.

ലൂര്‍ദ് മാതാ പള്ളിയിലെ രണ്ട് കല്ലറകള്‍ തുറന്നു. അന്നമ്മ, ഭര്‍ത്താവ് ടോം തോമസ്, മകന്‍ റോയ് എന്നിവരുടെ കല്ലറയാണ് തുറന്നത്. പിന്നാലെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിന്റെയും ശരീരാവശിഷ്ടം ശേഖരിച്ചു. ശാസ്ത്രീയ പരിശോധനയിലൂടെ ദുരൂഹത നീക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കുടുംബത്തെ കൂട്ടക്കൊല നടത്തിയത് ആരെന്ന സംശയമാണ് ഉയരുന്നത്. രണ്ടുപേരെ സംശയത്തില്‍ നിരീക്ഷിക്കുന്നുണ്ടെങ്കിലും തെളിവുകള്‍ ഉള്‍പ്പെടെ കണ്ടെത്താനുള്ള ശ്രമം വരും ദിവസങ്ങളിലുണ്ടാകും. വലിയൊരു തുടര്‍ കൊലപാതകങ്ങളുടെ ചുരുളാണ് അഴിയാന്‍ പോകുന്നത്.