കൊതിതീരാതെ ‘പ്രേമം’; മലയാളം മറക്കാത്ത ജോര്‍ജ്ജും, മേരിയും, സെലിനും പിന്നെ മലരും!

5 years of Premam. The Alphonse Puthran magic.

0
453

ഒരു സിനിമയ്ക്ക് ആരെങ്കിലും ‘പ്രേമം’ എന്ന് പേരിടുമോ? അല്‍ഫോണ്‍സ് പുത്രന്‍ ചിത്രശലഭം പോലൊരു പേര് തന്റെ സിനിമയ്ക്ക് ഇട്ടപ്പോള്‍ പലരും മൂക്കത്ത് വിരല്‍വെച്ചു. പ്രൊഡ്യൂസര്‍ കൗണ്‍സിലില്‍ ഈ പേര് രജിസ്റ്റര്‍ ചെയ്യാന്‍ എത്തുമ്പോള്‍ വികാരങ്ങളിലെ ഏറ്റവും മനോഹരമായ ആ വാക്ക് അതിന് മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുപോലും ഉണ്ടായില്ല. അങ്ങനെയാണ് പ്രേമം പിറന്നത്. തീയേറ്ററില്‍ പ്രേമം എത്തിച്ചേര്‍ന്നിട്ട് വര്‍ഷം 5 തികഞ്ഞിരിക്കുന്നു. ഈ ഘട്ടത്തില്‍ പ്രേമത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

ട്രെയിലര്‍ ഇല്ലാതെ എത്തിയ പ്രേമം?

പ്രേമം സിനിമയ്ക്ക് ഒരു ട്രെയിലര്‍ ഉണ്ടായിരുന്നില്ല. ലോകസിനിമാ ചരിത്രത്തില്‍ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചലച്ചിത്രം എന്നായിരുന്നു പ്രേമത്തിന് അല്‍ഫോണ്‍സ് നല്‍കിയ പരസ്യവാചകം. പ്രേക്ഷകര്‍ തന്റെ സിനിമ കണ്ട്, സ്വന്തമായി പുതുമ കണ്ടെത്തട്ടെ എന്ന ചിന്തയാകാം അത്തരമൊരു ജാമ്യത്തിന് പിന്നില്‍. ചിത്രത്തിലെ കഥയെക്കുറിച്ചോ, കഥാപാത്രങ്ങള്‍ സംബന്ധിച്ചോ ഒരു സൂചനയും നല്‍കാതെയാണ് പ്രേമം തീയേറ്ററ്റില്‍ എത്തിയത്. പക്ഷെ പ്രേമം മലയാളികളെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ അത്രയേറെ സ്വാധീനിച്ചു. ഒന്നിലേറെ തവണ തീയേറ്ററുകളില്‍ അവര്‍ എത്തിയെന്നതാണ് സിനിമയെ ഇത്രയും വലിയ ഹിറ്റിലേക്ക് എത്തിച്ചതും.

ജോര്‍ജ്ജും, മേരിയും, സെലിനും പിന്നെ മലരും!

ജോര്‍ജ്ജ് ഡേവിഡ്. നാട്ടില്‍ അല്‍പ്പസ്വല്‍പ്പം പ്രേമവും, ചാള വറുത്തതും, നാരങ്ങ സോഡയും ഒക്കെയായി നടന്ന ഒരു കൗമാരക്കാരന്‍. അവന്റെ കൂട്ടുകാര്‍ ശംഭു, കോയ. അവരുടെ രസങ്ങള്‍. ഒപ്പം ആദ്യകാലത്ത് മുടിവിരിച്ചിട്ട, അവന്‍ പ്രേമിച്ച മേരി. മേരി പ്രേമിച്ച മറ്റൊരു ജോര്‍ജ്ജ്. ഹോ, ഒരു ചാള മേരി, ‘അവള് വേണ്ട്രാ’ എന്ന് പ്രേക്ഷകരും ഒപ്പം പറഞ്ഞു.

യുസി കോളേജിന്റെ പടികടന്നെത്തുന്ന ജോര്‍ജ്ജും, ശംഭുവും, കോയയും വേറെ ലെവലാണ്. അവിടെ നമ്മുടെ വിമല്‍ സാറും, ശിവന്‍ സാറുമുണ്ട്. അവരുടെ രസങ്ങളിലേക്ക് കടന്നെത്തുന്ന ആ തമിഴ് ടീച്ചര്‍, മലര്‍ മിസ്സ്. മുഖക്കുരുവുള്ള ഒരു നായികയെ സംവിധായകര്‍ മറന്നിട്ട് വര്‍ഷങ്ങളായി കാണും. അപ്പോഴാണ് ഒരു സാധാരണക്കാരി അധ്യാപിക മനസ്സുകള്‍ കീഴടക്കിയത്. പ്രേക്ഷകരുടെ മാത്രമല്ല, ജോര്‍ജ്ജിന്റെയും, വിമല്‍ സാറിന്റെയും ഒക്കെ ഹൃദയം കവര്‍ന്ന മലര്‍ മിസ്സ് പക്ഷെ ഓര്‍മ്മകളുടെ മറവിയില്‍ മറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ കൂടി ജോര്‍ജ്ജിനൊപ്പം കരഞ്ഞു.

മൂന്നാം ഘട്ടത്തില്‍ ജോര്‍ജ്ജ് ഒരു ബിസിനസ്സുകാരനും, കൂട്ടുകാര്‍ ഓരോ മേഖലകളിലും എത്തിച്ചേര്‍ന്നു. അവിടേക്ക് എത്തുന്ന സെലിന്‍ പണ്ട് മേരിയുടെ കൂടെയുണ്ടായ കൊച്ചുകുട്ടിയാണെന്ന സര്‍പ്രൈസും ചേര്‍ന്ന് അമ്പരന്നിരിക്കുന്ന പ്രേക്ഷകനിലേക്കാണ് ജോര്‍ജ്ജിന്റെ വിവാഹവും അല്‍ഫോണ്‍സ് എത്തിച്ചത്.

അല്‍ഫോണ്‍സ് കാത്തുവെച്ച സര്‍പ്രൈസുകള്‍

ഒരു മനുഷ്യന്റെ സാധാരണ മാറ്റങ്ങള്‍. പതിവ് കഥ. പക്ഷെ അത് അല്‍ഫോണ്‍സ് അവതരിപ്പിച്ചപ്പോള്‍ തോന്നിയ പുതുമ പ്രേക്ഷകനെയും പിടിച്ചിരുത്തി. ഒപ്പം സമയാസമയങ്ങളില്‍ നല്‍കിയ സര്‍പ്രൈസുകള്‍.

മലര്‍ തന്നെയായിരുന്നു പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാതെ വിസ്മയിപ്പിച്ചത്. പൈങ്കിളിയാണ് പ്രേമം എന്ന് നാണിക്കാതെ വിളിച്ച് പറയാന്‍ അല്‍ഫോണ്‍സിന് സാധിച്ചു. ഒപ്പം ‘ജാവ സിംപിളാണ്, ബട്ട് പവര്‍ഫുള്‍’ എന്നുപറഞ്ഞെത്തിയ വിമല്‍ സാറും, ഒപ്പം കൂടി ശിവന്‍ സാറും. മകന്റെ ഫോണില്‍ കണ്ടെത്തിയ വാക്ക് അണ്‍പാര്‍ലമെന്ററി അല്ലെന്ന് ശഠിച്ച് കമ്മീഷണര്‍ സ്റ്റൈലില്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും പുറത്തിറങ്ങിയ ജോര്‍ജ്ജിന്റെ അപ്പനും (രണ്‍ജി പണിക്കര്‍) ഈ സര്‍പ്രൈസുകളില്‍ ചിലതായിരുന്നു.

മൂന്ന് ഘട്ടങ്ങള്‍, അതേ രീതിയില്‍ തന്നെ പറഞ്ഞുപോയതും പ്രേക്ഷകന് അപ്രതീക്ഷിതമായി. ഫാസ്റ്റ് ഫോര്‍വേഡും, ക്രോസ് കട്ടിംഗുമായി പല കാര്യങ്ങള്‍ ഒരേ സമയം സമ്മാനിച്ച് ചിന്തിക്കാനുള്ള അവസരവും സംവിധായകന്‍ ഒരുക്കി

എഡിറ്റിംഗില്‍ അല്‍ഫോണ്‍സ്, ‘പുത്രനല്ല’ അപ്പനാണ്!

പ്രേമത്തിന്റെ മികവിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കൊടുക്കേണ്ടത് അതിന്റെ എഡിറ്റിംഗിനാണ്. സംവിധായകന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഏറ്റവും നന്നായി അറിയാവുന്ന ജോലി നന്നായി ചെയ്തു. മറ്റുള്ള കുറവുകള്‍ അതില്‍ പരിഹരിക്കാനും, മികവ് വര്‍ദ്ധിപ്പിക്കാനും അല്‍ഫോണ്‍സിന് സാധിക്കുന്നു. ചടുലമായ സീനുകളില്‍ നിന്ന് കഥയ്‌ക്കൊപ്പം വേഗത കുറഞ്ഞ സീനുകളിലേക്കും, പ്രേക്ഷകന് അടുത്ത മാസ് സീന്‍ കാണാനുള്ള ഇടവേളയും നല്‍കിയാണ് ആ എഡിറ്റര്‍ പണിനടത്തിയത്.

ഒടുവില്‍ ‘മലരേ’

വര്‍ഷം 5 കഴിഞ്ഞെങ്കിലും വിജയ് യേശുദാസ് പാടിയ ആ പാട്ട് ഇപ്പോഴും നമ്മുടെ ചുണ്ടുകളില്‍ നിന്നും മാഞ്ഞിട്ടില്ല. രാജേഷ് മുരുകേശന്‍ സംഗീതം നല്‍കി, ശബരീഷ് വര്‍മ്മ എഴുതിയ ആ വരികളും പ്രേമത്തെ നമുക്കേറെ പ്രിയപ്പെട്ടതാക്കി.

ബോക്‌സ്ഓഫീസ് കിലുക്കവും, വ്യാജനും

അന്‍വര്‍ റഷീദ് എന്ന നിര്‍മ്മാതാവിന് കോടികള്‍ ലാഭം സമ്മാനിച്ച ചിത്രം കൂടിയായിരുന്നു പ്രേമം. ഏകദേശം 60 കോടി രൂപയെങ്കിലും ചിത്രം കളക്ട് ചെയ്‌തെന്നാണ് കണക്ക്. മലയാള സിനിമയിലെ 100 കോടി കടക്കുന്ന ചിത്രമായി പ്രേമം മാറുമെന്ന് കരുതി ഇരിക്കുമ്പോഴാണ് വ്യാജന്‍ വില്ലനായി എത്തിയത്.

സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ സെന്‍സര്‍ കോപ്പിയാണ് ചോര്‍ന്നത്. സംഗതി ഓണ്‍ലൈനില്‍ എത്തിയതോടെ വിവാദം ആളിക്കത്തി. മൂന്ന് കൗമാരക്കാരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ താങ്കള്‍ തന്നെ പുറത്തുവിട്ടതാണോയെന്ന തരത്തില്‍ സംവിധായകനോട് ചോദ്യം ഉന്നയിച്ച് ഒരു മാധ്യമപ്രവര്‍ത്തകനും ഉത്തരവാദിത്വം നിറവേറ്റിയിരുന്നു.