വിദേശയാത്ര മനസ്സിലുണ്ടോ? ഈ സ്വപ്‌ന രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം

0
340

പണം കൊണ്ട് വാങ്ങാന്‍ കഴിയാത്തതാണ് യാത്രയിലൂടെ ലഭിക്കുന്ന അനുഭവങ്ങളുടെ മൂല്യമെന്ന് പറയാറുണ്ട്. ചിലര്‍ യാത്ര ചെയ്യാന്‍ താല്‍പര്യം കാണിക്കാതെ ഒതുങ്ങി കഴിയുമ്പോള്‍ മറ്റുചിലര്‍ ജോലി ചെയ്തുണ്ടാക്കുന്ന പണം യാത്ര ചെയ്യാനായി വിനിയോഗിക്കുന്നു. യാത്ര കഴിഞ്ഞെത്തി വീണ്ടും അധ്വാനിക്കുന്നത് അടുത്ത യാത്രക്ക് വേണ്ടിയാണ്.

വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ വിസ എടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളാണ് പലര്‍ക്കും തടസ്സമാകുന്നത്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ കാണാനും, ആസ്വദിക്കാനും പറ്റിയ സുന്ദരമായ രാജ്യങ്ങള്‍ ലോകത്തുണ്ട്.

മക്കാവു

മക്കാവു ഉപദ്വീപ് പീപ്പിള്‍സ് റിപബ്ലിക് ഓഫ് ചൈനയ്ക്ക് കീഴില്‍ വരുന്ന മകാവോ സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജ്യനിലെ കൊളോണ്‍, തായ്പാ ദ്വീപുകള്‍ക്ക് ഒപ്പമാണ് സ്ഥിതി ചെയ്യുന്നത്. പോര്‍ച്ചുഗീസ് കോളനിയായിരുന്ന പ്രദേശം ആഡംബര വിനോദത്തിന് സവിശേഷമാണ്. 30 ദിവസമാണ് വിസയില്ലാതെ തങ്ങാന്‍ കഴിയുക.

ഫിജി ദ്വീപുകള്‍

വിസ്മയിപ്പിക്കുന്ന പവിഴപ്പുറ്റുകളും, ബീച്ചുകളുമാണ് 300-ഓളം വരുന്ന ദ്വീപ് സമൂഹത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുക. പുരാതന വിഭാഗങ്ങള്‍ സജീവമായതിനാല്‍ ഇവരുടെ സംസ്‌കാരവും, ആചാരങ്ങളും അടുത്തറിയാം. ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളില്‍ ഒന്നായ ഫിജിയില്‍ സര്‍ഫിംഗ്, ഹൈക്കിംഗ്, സ്‌കൈ ഡൈവിംഗ് തുടങ്ങി സാഹസിക വിനോദങ്ങളിലും ഏര്‍പ്പെടാം. 120 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് ഇവിടെ വിസ വേണ്ട.

സമോവ

മനുഷ്യന്‍ കണ്ടെത്താന്‍ ബാക്കിനില്‍ക്കുന്നത് പോലുള്ള വെള്ളച്ചാട്ടങ്ങളും, തീരപ്രദേശങ്ങളും കണ്ട് ശാന്തമായി ബീച്ചില്‍ കിടന്നുറങ്ങാം, അതാണ് സമോവ ദ്വീപ്. 60 ദിവസമാണ് ഇവിടെ വിസ ആവശ്യമില്ലാത്തത്.

കുക്ക് ദ്വീപുകള്‍

15 ദ്വീപുകളായി പരന്ന് കിടക്കുന്ന കുക്കില്‍ കായലും, ബീച്ചും, വെള്ളച്ചാട്ടങ്ങളും, ഡൈവിംഗ്, ട്രെക്കിംഗ് എന്നിവയാണ് ആകര്‍ഷണങ്ങള്‍. പോളിനീഷ്യന്‍ പാരമ്പര്യം നിലനില്‍ക്കുന്ന ഇവിടെ പരമ്പരാഗത നൃത്തവും ആസ്വദിക്കാം. 31 ദിവസമാണ് വിസരഹിത താമസം.

ജമൈക്ക

ചങ്ങാടയാത്രയും, അതിശയിപ്പിക്കുന്ന മഴക്കാടുകളും, ഗുഹകളും ഇവിടെയുണ്ട്. എന്നിരുന്നാലും മണ്ണ് നിറഞ്ഞ ബീച്ചുകള്‍ തന്നെയാണ് ജമൈക്കയെ ആകര്‍ഷണീയമാക്കുന്നത്. 14 ദിവസമാണ് ഇവിടെ വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുക.